രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ഗാസ: ഇസ്രയേല്‍ പട്ടാളക്കാരുടെ ആക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പലസ്തീനെതിരെ ഇസ്രയേല്‍ യുദ്ധവിമാനം ആക്രമണം നടത്തുകയും ചെയ്തു. ഗാസ നഗരത്തിനടുത്തുള്ള കെട്ടിടങ്ങള്‍ക്കെതിരെ ആയിരുന്നു മെയ് 21 തിങ്കളാഴ്ച ഇസ്രയേല്‍ യുദ്ധവിമാനം ആക്രമണം നടത്തിയത്. എട്ടുമാസം നീണ്ട ഇസ്രയേല്‍- പലസ്തീന്‍ യുദ്ധത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന മിച്ചല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതിനിടയിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്. ഇസ്രയേല്‍- പലസ്തീന്‍ അതിര്‍ത്തിയിലുള്ള ബുറേജ് അഭയാര്‍ഥി ക്യാമ്പിനടുത്ത് നടത്തിയ ആക്രമണത്തിലാണ് രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടത്.
ഗാസ നഗരത്തിനടുത്തുള്ള ജബാലിയ അഭയാര്‍ഥി ക്യാമ്പിനടുത്തുള്ള കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഈ കെട്ടിടങ്ങള്‍ പലസ്തീന്റെ മോര്‍ട്ടാര്‍ നിര്‍മ്മാണ ഫാക്ടറികളാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് കാറുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളാണെന്ന് പലസ്തീന്റെ ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
കഴിഞ്ഞ എട്ടുമാസമായി രൂക്ഷമായ പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലില്‍ 550 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഇതില്‍ ഭൂരിഭാഗവും പലസ്തീന്‍കാരാണ്. യുഎസ് സെനറ്റര്‍ ജോര്‍ജ്ജ് മിച്ചലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നല്കാനിരിക്കുകയാണ്. മിക്കവാറും അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുപക്ഷത്തോടുമുള്ള ആഹ്വാനമായിരിക്കും ഈ റിപ്പോര്‍ട്ടിന്റെ കാതലെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന അറബ് ലീഗ് സമ്മേളനം പലസ്തീനെതിരായ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിനെ താക്കീത്ചെയ്തിരുന്നു. ലോകരാഷ്ട്രങ്ങള്‍ പൊതുവെ ഇസ്രയേലിനെതിരെ നിലപാടെടുക്കുന്ന പ്രവണത കൂടിവരികയാണ്.












Click it and Unblock the Notifications