സിംബാബ്വെ പര്യടനം: കരുതലോടെ ഇന്ത്യ ഇന്നിറങ്ങുന്നു
സിംബാബ്വെ പര്യടനം: കരുതലോടെ ഇന്ത്യ ഇന്നിറങ്ങുന്നു
മെയ് 28, 2001
ഹരാരെ: പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിദേശമണ്ണില്‍ ഒരു ടെസ്റ് പരമ്പര എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി സിംബാബ്വെയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മെയ് 28 തിങ്കളാഴ്ച സിംബാബ്വെ എ ടീമിനെതിരെ പരിശീലന മത്സരത്തിനിറങ്ങുന്നു.
ജൂണ്‍ ഏഴ് വ്യാഴാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റിനു മുമ്പുള്ള ഏക പരിശീലനമത്സരമായതിനാല്‍ ഇന്ത്യന്‍ ടീം ഈ മത്സരത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യയുടെ ടെസ്റ് ടീമില്‍ ഉണ്ടാവാനിടയുള്ള എല്ലാ കളിക്കാരും പരിശീലനമത്സരത്തില്‍ കളിക്കുന്നുണ്ട്. ടീമില്‍ മൂന്നു സീമര്‍മാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇതിന്റെ മുന്നോടിയായാണ്.
ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍ എന്നീ പേസ് ബൗളര്‍മാര്‍ക്കു പുറമെ ഏക സ്പിന്നറായി ഹര്‍ഭജന്‍ സിംഹും ടീമിലുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റമില്ല. ശിവ് സുന്ദര്‍ദാസും സദഗോപന്‍ രമേശും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. തുടര്‍ന്ന് വി.വി.എസ്. ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സമീര്‍ ദീഗെ എന്നിവര്‍ ക്രീസിലെത്തും.
ടെസ്റ് ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്ന നാലു പേര്‍ സിംബാബ്വെ എ ടീമിലും ഉണ്ട്. ക്യാപ്റ്റന്‍ ഗാവിന്‍ റെനി, ബ്രയാന്‍ സ്ട്രാംഗ്, ബ്രയാന്‍ മര്‍ഫി, ട്രാവിസ് ഫ്രണ്ട് എന്നിവരാണവര്‍. ഈയിടെ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ് മത്സരത്തില്‍ കളിക്കാന്‍ അവസരം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍.












Click it and Unblock the Notifications