സാംപ്രാസ് പുറത്ത്, അഗാസി, ഹിംഗിസ് മുന്നോട്ട്
പാരീസ്: മുന്‍ ഒന്നാം നമ്പര്‍ പീറ്റ് സാംപ്രാസിന് ഫ്രഞ്ച് ഓപ്പണ്‍ ഇനിയും കിട്ടാക്കനിയായി തുടരും. തനിക്ക് വഴങ്ങാത്ത ഏക ഗ്രാന്റ് സ്ലാം കിരീടം നേടാന്‍ 12ാം തവണയും പാരീസിലെത്തിയ ഈ അമേരിക്കക്കാരന് രണ്ടാം റൗണ്ടില്‍ തന്നെ തോല്വി. മെയ് 31 വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സ്പെയിനിന്റെ ഗാലോ ബ്ലാങ്കോയാണ് സാംപ്രാസിനെ അട്ടിമറിച്ചത്. സ്കോര്‍: 7-6, 6-3, 6-2.
വിംബിള്‍ഡണും ആസ്ത്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും ഉള്‍പ്പെടെ 13 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സംപ്രാസിന് ക്ലേകോര്‍ട്ടിലെ ഈ ഏക ഗ്രാന്റ് സ്ലാം ഇനിയും അകലത്തായി തുടരും. ലോകറാങ്കിംഗില്‍ 76ാം റാങ്കുകാരനായ ബ്ലാങ്കോയ്ക്ക് അഞ്ചാം സീഡ് സാംപ്രാസിനെ നിഷ്പ്രഭമാക്കാന്‍ കഴിഞ്ഞു എന്നത് ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള ഫ്രഞ്ച് ഓപ്പണില്‍ സെമി വരെ എത്താന്‍ കഴിഞ്ഞതാണ് സാംപ്രാസിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം ഒന്നാം റൗണ്ടില്‍ തന്നെ ഇദ്ദേഹം പുറത്തായിരുന്നു.
അതേ സമയം മൂന്നാം സീഡ് അമേരിക്കക്കാരനായ ആന്ദ്രെ അഗാസി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഫ്രഞ്ചുകാരന്‍ ജൂലിയന്‍ ബൗട്ടറെയാണ് അഗാസി പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2, 6-2. രണ്ടാം സീഡ് മാരത്ത് സഫിനും മൂന്നാം റൗണ്ടില്‍ കടന്നു. സ്പെയിനിന്റെ അലക്സ് കലാട്രാവയെ 6-3, 3-6, 6-3, 6-7(4), 6-3 എന്ന സ്കോറിനാണ് സഫിന്‍ മറികടന്നത്.
വനിതാവിഭാഗത്തില്‍ ഒന്നാം സീഡ് മാര്‍ട്ടിന ഹിംഗിസ്, നാലാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റി, പത്താം സീഡ് അമാന്‍ഡ കോസ്റര്‍ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു. കൊളംബിയയുടെ കതാലിന കസ്റാനോയെ 6-1, 6-0 എന്ന സ്കോറിന് ഹിംഗിസ് തോല്പിച്ചു. ഇറ്റലിയുടെ തതിയാന്‍ ഗാര്‍ബിനെയാണ് കപ്രിയാറ്റി തോല്പിച്ചത്. സ്കോര്‍: 6-2, 6-1. സ്പെയിനിന്റെ വിര്‍ജിന റുവാനോ പാസ്കലിനെ 6-4, 7-5 എന്ന സ്കോറിന് തോല്പിച്ചാണ് കോസ്റര്‍ മൂന്നാം റൗണ്ടിലെത്തിയത്.
ഇന്ത്യയുടെ ഡബിള്‍സ് ജോടികളായ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. 15ാം സീഡ് ജെയിം ഓന്‍സിന്‍സ്-ഡാനിയല്‍ ഓര്‍സാനിക് എന്നിവരുടെ ബ്രസീല്‍ അര്‍ജന്റീനിയന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി തകര്‍ത്തത്.












Click it and Unblock the Notifications