പാകിസ്ഥാന് 46 റണ്‍സിന്റെ ലീഡ്
മാഞ്ചസ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്റില്‍ പാകിസ്ഥാന് 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 403നെതിരെ ഇംഗ്ലണ്ടിന് 357 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.
രണ്ടിന് 204 എന്ന നിലയില്‍ മൂന്നാം ദിവസമായ ജൂണ്‍ രണ്ട് ശനിയാഴ്ച ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു വേണ്ടി മൈക്കല്‍ വോഗനും (120) ഗ്രഹാം തോര്‍പ്പും (138) സെഞ്ച്വറി നേടി. എന്നാല്‍ 282ല്‍വച്ച് തോര്‍പ്പ് വീണതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 75 റണ്‍സെടുക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന്റെ ശേഷിച്ച ഏഴു വിക്കറ്റുകളും വീണു.
ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോള്‍ ഉറച്ചു നിന്ന മുന്‍ ക്യാപ്റ്റന്‍ അലക് സ്റ്യൂവര്‍ട്ട് മാത്രമാണ് തീ പാറുന്ന പാക് ബൗളിംഗിനെ അതിജീവിച്ചത്. സ്റ്യുവര്‍ട്ട് പുറത്താകാതെ 40 റണ്‍സെടുത്തു.
പാകിസ്ഥാനു വേണ്ടി ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സഖ്ലൈന്‍ മുഷ്താഖും ക്യാപ്റ്റന്‍ വഖാര്‍ യൂനസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വസീം അക്രം ഒരു വിക്കറ്റ് നേടി.












Click it and Unblock the Notifications