അഗാസി പുറത്ത്, ഗ്രോസ്ജീന്-കൊറെറ്റ്ജ സെമി
പാരീസ്: ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനും മൂന്നാം സീഡുമായ അമേരിക്കയുടെ ആന്ദ്രെ അഗാസി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പുറത്തായി. ജൂണ്‍ ആറ് വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ചുകാരനായ 10ാം സീഡ് സെബാസ്റ്യന്‍ ഗ്രോസ്ജീനാണ് അഗാസിയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമോഹങ്ങള്‍ തല്ലിക്കൊഴിച്ചത്. സ്കോര്‍: 1-6, 6-1, 6-1, 6-3.
1999ല്‍ റൊളാംഗ് ഗാരോസില്‍ ചാമ്പ്യനായ അഗാസിക്ക് ഗ്രോസ്ജീനെതിരായ മത്സരത്തില്‍ ആദ്യസെറ്റില്‍ മാത്രമേ അല്പമെങ്കിലും ചെറുത്തു നില്ക്കാന് സാധിച്ചുള്ളൂ. 6-1ന് ഒന്നാം സെറ്റ് നേടിയ അഗാസി എളുപ്പത്തില്‍ സെമിയില്‍ പ്രവേശിക്കുമെന്ന് കരുതി. എന്നാല്‍ നാട്ടുകാരുടെ പൂര്ണപിന്തുണയോടെ കളിച്ച ഗ്രോസ്ജീന് പിന്നീടുള്ള മൂന്നു സെറ്റുകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ അഗാസി രണ്ടാം റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.
13ാം സീഡ് സ്പെയിനിന്റെ അലക്സ് കൊറെറ്റ്ജയെയാണ് ഗ്രോസ്ജീന് സെമിയില്‍ നേരിടുക. സ്വിറ്റ്സര്‍ലാണ്ടിന്റെ റോജര്‍ ഫെദേരെറിനെ 7-5, 6-4, 7-5 എന്ന സ്കോറിനാണ് കൊറെറ്റ്ജ തോല്പിച്ചത്.
ഒന്നാം സെമിഫൈനലില്‍ ഇപ്പോഴത്തെ ചാമ്പ്യനും ഒന്നാം സീഡുമായ ബ്രസീലിന്റെ ഗസ്റാവോ കേര്ട്ടണും നാലാം സീഡ് സ്പെയിനിന്റെ ജുവാന്‍ കാര്‍ലോസ് ഫെരേരോയുമാണ് ഏറ്റുമുട്ടുക.