ഹിംഗിസ് പുറത്ത്, കപ്രിയാറ്റി-ക്ലിജ്സ്റര്‍ ഫൈനല്‍
പാരീസ്: ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിനാ ഹിംഗിസിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഇനിയും കിട്ടാക്കനിയായി തുടരും. ജൂണ്‍ ഏഴ് വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ നാലാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റിയോട് ഹിംഗിസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അടിയറവ് പറഞ്ഞത്. സ്കോര്‍: 6-4, 6-3.
കളിയുടെ ഒരു ഘട്ടത്തിലും ഹിംഗിസ് ജയിക്കുമെന്ന തോന്നല്‍ ഉളവാക്കിയില്ല. ഇരുസെറ്റിലും കപ്രിയാറ്റിയുടെ സെര്‍വുകള്‍ ഭേദിക്കാനായെങ്കിലും തന്റെ സെര്‍വുകള്‍ നിലനിര്‍ത്തുന്നതില്‍ ഹിംഗിസ് പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് തവണയും റൊളാംഗ് ഗാരോസില്‍ സെമിഫൈനലിലെത്തിയ ഹിംഗിസിന് ഒരിക്കല്‍പ്പോലും ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാനായിട്ടില്ല.
കപ്രിയാറ്റിക്കാകട്ടെ ഇത് ഹിംഗിസിനെതിരെ തുടര്‍ച്ചയായ രണ്ടാം വിജയം. മാസങ്ങള്‍ക്ക് മുമ്പ് ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഹിംഗിസിനെ അട്ടിമറിച്ചുകൊണ്ട് കപ്രിയാറ്റി കിരീടം നേടിയിരുന്നു. അവരുടെ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാമായിരുന്നു അത്. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം കിരീടവും അവര്‍ക്ക് സമീപത്തെത്തിയിരിക്കുകയാണ്.
12ാം സീഡ് ബെല്‍ജിയത്തിന്റെ കിം ക്ലിജ്സ്ററുമായിട്ടാണ് കപ്രിയാറ്റി ഫൈനലില്‍ ഏറ്റുമുട്ടുക. ഒന്നാം സെമിഫൈനലില്‍ നാട്ടുകാരിയായ 14ാം സീഡ് ജസ്റിന്‍ ഹെനിനെ ക്ലിജ്സ്റര്‍ പരാജയപ്പെടുത്തിയിരുന്നു. സ്കോര്‍: 2-6, 7-5, 6-3.












Click it and Unblock the Notifications