സിംബാബ്വെ 173ന് പുറത്ത്
ബുലാവായോ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിവസം തന്നെ സിംബാബ്വെ 173 റണ്‍സിന് പുറത്തായി. ജവഗല്‍ ശ്രീനാഥൊഴികെയുള്ള ഇന്ത്യയുടെ ബൗളര്‍മാരെല്ലാം കാഴ്ചവെച്ച മികച്ച പ്രകടനമാണ് സിംബാബ്വെയെ ഈ ചെറിയ സ്കോറിലൊതുക്കിയത്.
രണ്ടു വര്‍ഷത്തിനു ശേഷം ടെസ്റ് കളിക്കുന്ന ആശിഷ് നെഹ്റയായിരുന്നു സിംബാബ്വെയുടെ നട്ടെല്ലൊടിച്ചത്. മൂന്നു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ നെഹ്റ വഴങ്ങിയത് വെറും 23 റണ്‍സ് മാത്രം. 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹും 54 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ സഹീര്‍ ഖാനും നെഹ്റയ്ക്ക് മികച്ച പിന്തുണ നല്‍കി.
51 റണ്‍സെടുത്ത ആന്‍ഡി ഫ്ലവര്‍ മാത്രമാണ് സിംബാബ്വെ നിരയില്‍ അല്പമെങ്കിലും ചെറുത്തു നിന്നത്. കഴിഞ്ഞ തവണ സിംബാബ്വെ ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴും ആന്‍ഡി ഫ്ലവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആന്‍ഡിയുടെ നിര്‍ണായക വിക്കറ്റും വീഴ്ത്തിയത് നെഹ്റയാണ്. ശിവ് സുന്ദര്‍ദാസിന് ക്യാച്ച്.
ലോക നിലവാരത്തിലേക്കുയര്‍ന്ന ഇന്ത്യന്‍ ഫീല്‍ഡിംഗും ഇന്ത്യയുടെ മികച്ച പ്രകടനത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു. രണ്ട് റണ്ണൗട്ടുകളാണ് ഇന്ത്യന്‍ ഫീല്‍ഡിംഗില്‍ പിറന്നത്.












Click it and Unblock the Notifications