ഇന്ത്യ മൂന്നിന് 83
ബുലാവായോ: സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്കും ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസമായ ജൂണ്‍ ഏഴ് വ്യാഴാഴ്ച കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലാണ്.
സിംബാബ്വെയെ 173 റണ്‍സിന് പുറത്താക്കി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സദഗോപന്‍ രമേശിനെ നഷ്ടപ്പെട്ടു. രണ്ട് റണ്‍ മാത്രമെടുത്ത രമേശ് ബ്രിജ്ടണ്‍ വതാന്‍ബ്വയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ആസ്ത്രേലിയക്കെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ് പരമ്പരയിലെ ഹീറോ വി.വി.എസ്. ലക്ഷ്മണാണ് പിന്നീട് എത്തിയത്. ലക്ഷ്മണും ഓപ്പണര്‍ ശിവ് സുന്ദര്‍ ദാസും ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും 54 റണ്‍സെത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് ലക്ഷ്മണിനെ നഷ്ടപ്പെട്ടു. 28 റണ്‍സെടുത്ത ലക്ഷ്മണ്‍ ഹെന്‍റി ഒലോംഗയുടെ പന്തില്‍ ഗേ വിറ്റാളിന് പിടികൊടുക്കുകയായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പിന്നീട് ദാസിന് കൂട്ടായെത്തിയത്. ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ സ്കോര്‍ 81ല്‍ എത്തിയപ്പോള്‍ അനാവശ്യമായി ഇരുവരും പ്രതിരോധത്തിലേക്ക് ഊന്നിയത് സിംബാബ്വെക്ക് ഒരു വിക്കറ്റ് കൂടി നേടാനുള്ള കളമൊരുക്കി. ബ്രയാന്‍ മര്‍ഫിയുടെ പന്ത് പ്രതിരോധക്കാനുള്ള ശ്രമത്തില്‍ ദാസിനെ (30) ഡിയോണ്‍ ഇബ്രാഹിം പിടികൂടി.
സിംബാബ്വെ ക്യാപ്റ്റന്‍ ഇതിനകം തന്നെ അഞ്ചു ബൗളര്‍മാരെയും പരീക്ഷിച്ചു കഴിഞ്ഞു. രണ്ട് ഓവര്‍ മാത്രം എറിഞ്ഞ് ഒരു വിക്കറ്റെടുത്ത ബ്രയാന്‍ മര്‍ഫിയാണ് മികച്ചു നിന്നത്.
ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ ഇനിയും ബാറ്റിംഗിനെത്താനുണ്ടെന്നിരിക്കെ വെളളിയാഴ്ച സിംബാബ്വെക്കെതിരെ മികച്ച ലീഡ് നേടാനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications