കപ്രിയാറ്റി ചാമ്പ്യന്‍
പാരീസ്: നാലാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി. അവസാന നിമിഷം വരെ പോരാടിയ 12ാം സീഡ് ബെല്‍ജിയത്തിന്റെ കിം ക്ലിജ്സ്റേഴ്സിനെ രണ്ടു മണിക്കൂറും 41 മിനിറ്റും നീണ്ടു നിന്ന മാരത്തോണ്‍ പോരാട്ടത്തിലാണ് കപ്രിയാറ്റി കീഴടക്കിയത്. സ്കോര്‍: 1-6, 6-4, 12-10.
ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടമാണ് ജൂണ്‍ ഒമ്പത് ശനിയാഴ്ച വൈകുന്നേരം റൊളാംഗ് ഗാരോസില്‍ നടന്നത്. ഒന്നും രണ്ടും സെറ്റുകള്‍ പങ്കുവെച്ചതിനു ശേഷം ഇരുവരും പോരാട്ടം അവസാനസെറ്റിലേക്ക് മാറ്റിവെക്കുകയായിരുന്നു. അവസാന സെറ്റില്‍ രണ്ടു പേരും തുല്യനിലയില്‍ പോയപ്പോള്‍ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലും ഇരുവരും ഗെയിം നിലനിര്‍ത്തുകയും അന്യോന്യം ഭേദിക്കുകയും ചെയ്തതോടെ റൊളാംഗ് ഗാരോസിലെത്തിയ കാണികള്‍ക്ക് അത് അപൂര്‍വ മത്സരവിരുന്നായി.
അവസാന സെറ്റില്‍ സ്കോര്‍ 7-7ല്‍ നില്‍ക്കുമ്പോള്‍ ക്ലിജ്സ്റേഴ്സിന്റെ സെര്‍വ് ഭേദിച്ച് കപ്രിയാറ്റി മുന്നില്‍ കയറിയെങ്കിലും അടുത്ത ഗെയിമില്‍ കപ്രിയാറ്റിയുടെ സെര്‍വ് ഭേദിച്ച് ബെല്‍ജിയം താരം സമനില നേടി. സ്കോര്‍ 9-9ല്‍ നില്‍ക്കുമ്പോഴും ഇതു തന്നെ സംഭവിച്ചു. ഇരുവരും അന്യോന്യം സെര്‍വുകള്‍ ഭേദിച്ച് 10-10ലെത്തി. തുടര്‍ന്ന് ക്ലിജ്സ്റേഴ്സിന്റെ സെര്‍വ് കപ്രിയാറ്റി ഒരിക്കല്‍ക്കൂടി ഭേദിച്ച് 11-10ന് മുന്നിലെത്തി. അടുത്ത ഗെയിമില്‍ തന്റെ സെര്‍വ് നിലനിര്‍ത്തിക്കൊണ്ട് കപ്രിയാറ്റി കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം നേടി.
ആദ്യസെറ്റ് ഏറെ എളുപ്പത്തിലാണ് ക്ലിജ്സ്റേഴസ് നേടിയത്. കപ്രിയാറ്റി നിലയുറപ്പിക്കുന്നതിനു മുമ്പു തന്നെ മൂന്നു സെര്‍വുകള്‍ ഭേദിച്ചുകൊണ്ടാണ് ക്ലിജ്സ്റേഴസ് കുതിച്ചത്. എന്നാല്‍ രണ്ടാം സെറ്റില്‍ കപ്രിയാറ്റി ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടു തവണ ക്ലിജ്സ്റേഴ്സിന്റെ സെര്‍വ് ഭേദിച്ച് അവര്‍ സെറ്റ് 6-4ന് നേടുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാം സെറ്റില്‍ കലാശപ്പോരാട്ടത്തിന് വേദി ഒരുങ്ങിയത്.
കപ്രിയാറ്റി ഈ വര്‍ഷം തുടര്‍ച്ചയായി നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്ലാം കിരീടമാണിത്. മാസങ്ങള്‍ക്കു മുമ്പു നടന്ന ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടം ഒന്നാം നമ്പര്‍ താരം മാര്‍ട്ടിന ഹിംഗിസിനെ തോല്പിച്ച് അവര്‍ നേടിയിരുന്നു.












Click it and Unblock the Notifications