സിംബാബ്വെ എട്ടിന് 301; 64 റണ്‍സിന്റെ ലീഡ്
ഹരാരെ: ഇന്ത്യാ-സിംബാബ്വെ രണ്ടാം ടെസ്റിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ സിംബാബ്വെയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 64 റണ്‍സിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 237നെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 301 റണ്‍സാണ് സിംബാബ്വെയെടുത്തത്.
ഫ്ലവര്‍ സഹോദരന്‍മാരാണ് ആപല്‍ക്കരമായ രണ്ട് ഘട്ടങ്ങളില്‍ സിംബാബ്വേയെ കരകയറ്റിയത്്. തുടക്കത്തില്‍ ആന്റിഫ്ലവര്‍ മൂന്നൂവിക്കറ്റിന് 31 റണ്‍സ് എന്ന നിലയില്‍ നിന്നും സിംബാബ്വേയെ 105 റണ്‍സിലേക്കെത്തിച്ചു. പിന്നീട് സ്കോര്‍ 300 കടത്തിയതിന് പിന്നില്‍ ഗ്രാന്റ് ഫ്ലവറിന്റെ കഠിനാദ്ധ്വാനമായിരുന്നു.
മൂന്നു വിക്കറ്റിന് 31 റണ്‍സ് എന്ന നിലയില്‍ കളി തുടങ്ങിയ സിംബാബ്വെയെ ക്രീസിലുണ്ടായിരുന്ന ഡിയോണ്‍ ഇബ്രാഹിമും ആന്റി ഫ്ലവറും കരകയറ്റി. മൊത്തം 87 റണ്‍സാണ് ഈ വിക്കറ്റ് കൂട്ടുകെട്ട് സിബാബ്വെക്ക് സമ്മാനിച്ചത്. 45 റണ്‍സെടുത്ത ആന്‍ഡി ഫ്ലവര്‍ പുറത്താകുമ്പോള്‍ സിംബാബ്വെയുടെ സ്കോര്‍ 105 ആയിരുന്നു. ഹര്‍ബജന് ആയിരുന്നു വിക്കറ്റ്.
അഞ്ച് റണ്‍സ് കൂടിയെടുക്കുമ്പോഴേക്കും ഇബ്രാഹിമും പുറത്തായി. എല്‍ബിഡബ്ള്യുവില്‍ കുടുങ്ങിയ ഇബ്രാഹിമിനെ (49) പുറത്താക്കിയതും ഹര്‍ബജന്‍ ആയിരുന്നു.
തുടര്‍ന്നെത്തിയ ഗ്രാന്റ് ഫ്ലവറും സ്ട്രീക്കും ഇന്ത്യന്‍ ബൗളര്‍മാരെ അനായാസമായി കൈകാര്യം ചെയ്തു. 65 റണ്‍സെടുത്ത ഈ സഖ്യത്തെ പിരിച്ചത് ടെണ്ടുല്‍ക്കറാണ്. സ്ട്രീക്കിനെ (40) ടെണ്ടുല്‍ക്കര്‍ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു.
സ്ട്രീക്ക് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ബ്ലിഗ്നോട്ട് ഗ്രാന്റ് ഫ്ലവറിന് മികച്ച പിന്തുണ നല്‍കി. 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. 35 റണ്‍സെടുത്ത ബ്ലിഗ്നോട്ടിനെ ഹര്‍ബജന്റെ പന്തില്‍ സമീര്‍ ദിഗെ പിടിച്ച് പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ സിംബാബ്വെ മറികടന്നു കഴിഞ്ഞിരുന്നു.
15 റണ്‍സെടുത്ത ഫ്രന്റിന്റെ വിക്കറ്റ് ആണ് രണ്ടാം ദിവസം അവസാനം ഇന്ത്യന്‍ ബൗളര്‍മാര്‍ കൊയ്തത്. 80 റണ്‍സോടെ അജയ്യനായി നിലയുറപ്പിച്ചുനില്‍ക്കുന്ന ഗ്രാന്റ് ഫ്ലവറും മര്‍ഫി (17) യുമാണ് ക്രീസില്‍.












Click it and Unblock the Notifications