വിംബിള്‍ഡണ്‍: ലിയാണ്ടര്‍ പേസ് രണ്ടാം റൗണ്ടില്‍
ലണ്ടന്‍: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ് താരം ലിയാണ്ടര്‍പേസ് വിംബിള്‍ഡണ്‍ പുരുഷവിഭാഗം സിംഗിള്‍സിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജൂണ്‍ 26 ചൊവാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ ജര്‍മ്മനിയുടെ ഡാനിയല്‍ എല്‍സ്നറെ 6-0, 6-1, 3-6, 7-5 എന്ന സ്കോറിനാണ് പേസ് പരാജയപ്പെടുത്തിയത്.
യോഗ്യതാ മത്സരങ്ങള്‍ കളിച്ച് വിംബിള്‍ഡണില്‍ കളിക്കാന്‍ യോഗ്യത നേടിയ പേസിന് ഒന്നും രണ്ടും സെറ്റുകളില്‍ കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വന്നില്ല. എന്നാല്‍ മൂന്നാം സെറ്റ് പിടിച്ചെടുത്തുകൊണ്ട് എല്‍സ്നര്‍ തിരിച്ചുവരവ് നടത്തി. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട നാലാം സെറ്റില്‍ മനസ്സാന്നിധ്യം വിടാതെ കളിച്ച പേസ് തിരിച്ചുവരുകയായിരുന്നു.
ഫ്രാന്‍സിന്റെ നിക്കോളാസ് എസ്ക്യൂഡാണ് രണ്ടാം റൗണ്ടില്‍ പേസിന്റെ എതിരാളി. അമേരിക്കയുടെ മാര്‍ദി ഫിഷിനെ 6-2, 6-3, 6-2 എന്ന സ്കോറിന് തറപറ്റിച്ചാണ് എസ്ക്യൂഡ് രണ്ടാം റൗണ്ടില്‍ കടന്നത്. എടിപി റാങ്കിംഗില്‍ 31ാം സ്ഥാനത്ത് നില്‍ക്കുന്ന എസ്ക്യൂഡിനെ പേസ് ഇതുവരെ നേരിട്ടിട്ടില്ല.












Click it and Unblock the Notifications