പേസ് ഭൂപതി സഖ്യം പുറത്ത്
ലണ്ടന്‍: ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്മാരായ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം ഡബിള്‍സിന്റെ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി. ഡേവിഡ് ആദംസ്-മൈക്കല്‍ ലോദ്ര സഖ്യത്തോട് 1-6, 3-6, 3-6 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആറാം സീഡായ ഇന്ത്യന്‍ സഖ്യം തോറ്റത്.
നേരത്തെ ലിയാണ്ടര്‍ പേസ് സിംഗിള്‍സ് വിഭാഗത്തിലും പുറത്തായിരുന്നു. ഇതോടെ വിംബിള്‍ഡണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
പുരുഷവിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ പീറ്റ് സാംപ്രാസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. സീഡ് ചെയ്യപ്പെടാത്ത താരം സര്‍ഗിസ് സര്‍ഗ്സിയാനെ 6-4, 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാംപ്രാസ് തകര്‍ത്തു വിട്ടത്.
നാലാം സീഡ് മരാത് സഫിന്‍ ജര്‍മ്മനിയുടെ ഡേവിഡ് പ്രിനോസിലിനെ 7-6, 6-3, 5-7, 1-6, 6-3 എന്ന സ്കോറിന് തോല്പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നു. ടീനേജ് താരം അമേരിക്കയുടെ ആന്‍ഡി റോഡിക്കിനെ പരാജയപ്പെടുത്തി ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ചും പ്രീക്വാര്‍ട്ടറിലെത്തി. സ്കോര്‍: 7-6, 7-5, 3-6, 6-3. ആറാം സീഡ് ടിം ഹെന്‍മാന്‍, 23ാം സീഡ് ടോഡ് മാര്‍ട്ടിന്‍, ഗ്രെഗ് റുസെദ്സ്കി എന്നിവരും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
വനിതാവിഭാഗത്തില്‍ നാലാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റി ജൈത്രയാത്ര തുടരുന്നു. 32ാം സീഡ് റഷ്യയുടെ തതിയാന പനോവയെ 6-4, 6-4 എന്ന സ്കോറുകള്‍ക്ക് തോല്പിച്ചാണ് കപ്രിയാറ്റി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
അഞ്ചാം സീഡ് അമേരിക്കയുടെ സെറീന വില്യംസും എട്ടാം സീഡ് ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനും പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. സെറീന സ്വിറ്റ്സര്‍ലാണ്ടിന്റെ ഇമ്മാനുവേല ഗഗ്ലിയാര്‍ഡിയെ 6-1, 6-2 തോല്പിച്ചപ്പോള്‍ 28ാം സീഡ് ലിസ റെയ്മണ്ടിനെ 6-4, 7-6ന് മറികടന്നാണ് ഹെനിന്‍ മുന്നേറിയത്.
12ാം സീഡ് മഗ്ദലേന മലീവ, 18ാം സീഡ് ആങ്കെ ഹ്യൂബര്‍, 19ാം സീഡ് കൊഞ്ചിറ്റ മാര്‍ട്ടിനെസ് എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി.












Click it and Unblock the Notifications