ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
കൊളംബോ: കൊക്കകോള ത്രിരാഷ്ട്രക്കപ്പിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ജൂലായ് 22 ഞായറാഴ്ച നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് ശ്രീലങ്കയോട് ഇന്ത്യ തോറ്റത്. ജയിക്കാന്‍ 222 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 215 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കയുടെ രണ്ടാമത്തെ ജയമാണിത്.
അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് നാല് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. രാഹുല്‍ ദ്രാവിഡും സമീര്‍ ദിഗെയും ക്രീസിലുണ്ടായിരുന്നിട്ടും ധര്‍മസേനയുടെ അവസാനത്തെ ഓവറില്‍ ജയം തങ്ങളുടേതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും (69) രാഹുല്‍ ദ്രാവിഡും (പുറത്താവാതെ 49) മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കിടയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 15-ാമത്തെ ഓവറില്‍ മൂന്നിന് 59 എന്ന നിലയില്‍ പരുങ്ങുകയായിരുന്ന ഇന്ത്യയെ ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ആ വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചതോടെ വീണ്ടും ദയനീയനിലയിലായി. തുടര്‍ന്ന് രാഹുല്‍ ദ്രാവിഡ് അവസാന ഓവറുകളില്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും ദ്രാവിഡിന് തന്റെ ദൗത്യം നിറവേറ്റാനായില്ല.
28 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് കൊയ്യുകയും ചെയ്ത സുരേഷ് പരേരയാണ് മാന്‍ ഒഫ് ദി മാച്ച്.












Click it and Unblock the Notifications