ന്യൂസിലാണ്ട് 200ന് പുറത്ത്
കൊളംബോ: ത്രിരാഷ്ട്ര കപ്പിലെ ന്യൂസിലാണ്ടിനെതിരായ മത്സരം ജയിക്കാന്‍ ഇന്ത്യയ്ക്ക് 48 ഓവറില്‍ 201 റണ്‍സ് വേണം. ജൂലായ് 26 വ്യാഴാഴ്ച രാവിലെ ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 46.4 ഓവറില്‍ 200 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ന്യൂസിലാണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യക്കെതിരായ ആദ്യമത്സരത്തില്‍ സെഞ്ച്വറിയടിച്ച് മാന്‍ ഓഫ് ദി മാച്ചായ നതാന്‍ ആസിലിന്റെ (5) വിക്കറ്റ് നേരത്തെത്തന്നെ നേടാന്‍ ഇന്ത്യക്കായി. എന്നാല്‍ പിന്നീടെത്തിയ ജെ. ഒറാം (40) ഓപ്പണര്‍ സിന്‍ക്ലയറുമായി (36) ചേര്‍ന്ന് ന്യൂസിലാണ്ടിനെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ 15 ഓവറില്‍ ന്യൂസിലാണ്ട് 81 റണ്‍സാണ് അടിച്ചു കൂട്ടിയത്.
എന്നാല്‍ ഗാംഗുലിയും യുവ്രാജ് സിംഹും രണ്ടറ്റങ്ങളില്‍ പന്തെറിയാനെത്തിയതോടെ റണ്ണൊഴുക്ക് നിലച്ചു. ഗാംഗുലി മൂന്നും യുവ്രാജ് സിംഹ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തുക കൂടി ചെയ്തതോടെ ന്യൂസിലാണ്ട് പരുങ്ങലിലായി. ഒരവസരത്തില്‍ രണ്ടിന് 85 എന്ന നിലയില്‍ നിന്ന് ആറിന് 126 എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തി. ഈ വീഴ്ചയില്‍ നിന്ന് അവര്‍ക്ക് പിന്നെ കരകയറാനായില്ല.
വാലറ്റക്കാരായ ഡിയോണ്‍ നാഷും (42) ഡാനിയല്‍ വെറ്റോറിയും (19) നടത്തിയ ചെറുത്തുനില്പാണ് ന്യൂസിലാണ്ടിനെ 200ലെത്തിച്ചത്.
ഇന്ത്യക്കു വേണ്ടി ഗാംഗുലി മൂന്നും യുവ്രാജ് സിംഹ്, വീരേന്ദ്ര ഷെവാഗ് എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, ഹര്‍ഭജന്‍ സിംഹ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
മോശമായ കാലാവസ്ഥ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. 48 ഓവര്‍ മാത്രമായി മത്സരം വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications