ടെണ്ടുല്‍ക്കര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നേക്കും
മുംബൈ: ബാറ്റിംഗ് പ്രതിഭ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പരിക്ക് ഭേദമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ തന്റ വലതുകാല്‍ സ്കാനിംഗിനു വിധേയമാക്കിയ ശേഷം സച്ചിന്‍ തന്നെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരെ അറിയിച്ചതാണ് ഇക്കാര്യം.
ജൂലായ് മുതല്‍ ചികിത്സ നടത്തിയിട്ടുണ്ടെങ്കിലും തന്റെ വലതുകാലിലെ പെരുവിരലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്ന് സ്കാനിംഗില്‍ വ്യക്തമായി. പരിക്ക് ഭേദമാകാനുള്ള ചികിത്സയെക്കുറിച്ച് ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിച്ചുവരികയാണ്. ചിലപ്പോള്‍ ശസ്തക്രിയതന്നെ വേണ്ടി വന്നേക്കും. എന്തു തീരുമാനം എടുത്താലും ക്രിക്കറ്റ് ബോര്‍ഡിനെ അതാതു സമയം അറിയിക്കുന്നതായിരിക്കും - ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെയ്ക്ക് ആഗസ്ത് 10 വെള്ളിയാഴ്ച അയച്ച കത്തില്‍ സച്ചിന്‍ വ്യക്തമാക്കി.
സച്ചിന് അമേരിക്കയില്‍ വച്ച് ചികിത്സ നടത്തുന്നതായിരിക്കും നല്ലതെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡോക്ടറായ അനന്ത് ജോഷി പറഞ്ഞത്. അങ്ങനെ വരികയാണെങ്കില്‍ ചികിത്സാച്ചെലവ് മിക്കവാറും ബിസിസിഐ തന്നെ വഹിച്ചേക്കും. അമേരിക്കയിലെ വിദഗ്ധ ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഡോ. ജോഷി ശ്രമിച്ചുവരികയാണെന്ന് ബിസിസിഐ സെക്രട്ടറി ലെലെ പറഞ്ഞു. സച്ചിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ഗൗരവമായി പരിഗണിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂലായ് നാലിന് സിംബാബ്വെയില്‍ നടന്ന ത്രിരാഷ്ട്രകപ്പില്‍ വെസ്റിന്‍ഡീസുമായുള്ള മത്സരത്തിനിടയിലാണ് സച്ചിന് പരിക്കേറ്റത്. അവസാന ലീഗ് മത്സരത്തില്‍ 122 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിനിടയിലാണ് സച്ചിന്റെ കാലിന് മുറിവേറ്റത്.
ടെസ്റ് ടീമില്‍ നിന്ന് ആദ്യമായി പുറത്ത്
ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായി 84 ടെസ്റ് മത്സരങ്ങള്‍ കളിച്ച ഏക കളിക്കാരനാണ് ടെണ്ടുല്‍ക്കര്‍. വിശ്രമമറിയാത്ത ആ പടയോട്ടത്തിനിടയില്‍ ആദ്യമായാണ് ഈ ബാറ്റിംഗ് പ്രതിഭയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടുന്നത്.
തുടര്‍ച്ചയായി 66 ടെസ്റ് മത്സരങ്ങള്‍ കളിച്ച കപില്‍ ദേവാണ് സച്ചിന് പിന്നിലുള്ളത്. 1984ല്‍ ചില അച്ചടക്കകാരണങ്ങള്‍ കൊണ്ട് ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നതോടെയാണ് കപിലിന്റെ തുടര്‍മത്സരങ്ങള്‍ക്ക് തിരശ്ശീല വീണത്.












Click it and Unblock the Notifications