സച്ചിനില്ലാതെ ഇന്ത്യ; ഊര്‍ജസ്വലതയോടെ ലങ്ക
ഗാലെ: വര്‍ഷങ്ങള്‍ക്കു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാതെ ഇന്ത്യ ഒരു ടെസ്റിനിറങ്ങുന്നു. ആഗസ്ത് 14 ചൊവാഴ്ച രാവിലെ ഗാലെയില്‍ ശ്രീലങ്കക്കെതിരെ ആദ്യടെസ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കുഴക്കുന്ന പ്രശ്നവും ഇതുതന്നെയായിരിക്കും.
സച്ചിന് പകരം ജേക്കബ് മാര്‍ട്ടിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്ന കാര്യം തന്നെ സംശയമാണ്. മധ്യനിരയില്‍ സച്ചിന്റെ സ്ഥാനത്ത് ആരെ ഇറക്കണമെന്നത് കോച്ചിനെയും ക്യാപ്റ്റനെയും ഒരുപോലെ കുഴക്കുന്നു. ഇതിനു പുറമെ മൂന്നാമത്തെ ബാറ്റ്സ്മാനായി ഇറങ്ങുന്ന വി.വി.എസ്. ലക്ഷ്മണിന്റെ സ്ഥാനത്തേക്കും ആളെ കണ്ടെത്തേണ്ടത് ഇന്ത്യയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
സിംബാബ്വെയില്‍ മികച്ച പ്രകടനം നടത്തിയ ആശിഷ് നെഹ്റയുടെ അഭാവം ശ്രീലങ്കയില്‍ അത്ര പ്രതിഫലിക്കാനിടയില്ല. പൊതുവെ സ്പിന്നര്‍മാരെയും സ്ലോ ബൗളര്‍മാരെയും പിന്തുണയ്ക്കുന്ന ശ്രീലങ്കയിലെ പിച്ചില്‍ ഇന്ത്യയുടെ പ്രധാന തുരുപ്പു ചീട്ട് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹ് തന്നെയായിരിക്കും. ഹര്‍ഭജന് തുണയായി രാഹുല്‍ സംഘ്വിയോ സായ്രാജ് ബഹുതുലയോ കളിക്കും. ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും തന്നെയായിരിക്കും ബൗളിംഗ് ഓപ്പണ്‍ ചെയ്യുക. ഒരിടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ വെങ്കിടേഷ് പ്രസാദിന് അവസാന ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. അങ്ങിനെയെങ്കില്‍ സ്പിന്‍ബൗളറായി ഹര്‍ഭജന്‍ മാത്രമേ ടീമിലുണ്ടാകൂ.
അതേ സമയം ശ്രീലങ്കന്‍ ടീം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര കപ്പില്‍ ഇന്ത്യയെ തോല്പിച്ച് കിരീടം നേടാനായത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരിക്കുകളും തന്റെ ടീമിന്റെ ആത്മവിശ്വാസവും ചേരുമ്പോള്‍ ആദ്യടെസ്റില്‍ എളുപ്പം വിജയിക്കാനാകുമെന്ന് ക്യാപ്റ്റന്‍ സനത് ജയസൂര്യ പ്രതീക്ഷിക്കുന്നു.
ടീം ഇവരില്‍ നിന്ന്:
ഇന്ത്യ: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), ജേക്കബ് മാര്‍ട്ടിന്‍, ശിവ് സുന്ദര്‍ ദാസ്, സദഗോപന്‍ രമേശ്, ഹേമാംഗ് ബദാനി, മൊഹമ്മദ് കെയ്ഫ്, ദിനേശ് മോംഗിയ, ജവഗല്‍ ശ്രീനാഥ്, ഹര്‍വീന്ദര്‍ സിംഹ്, സഹീര്‍ ഖാന്‍, വെങ്കിടേഷ് പ്രസാദ്, ഹര്‍ഭജന്‍ സിംഹ്, രാഹുല്‍ സംഘ്വി, സായ്രാജ് ബഹുതുലെ, സമീര്‍ ദീഗെ (വിക്കറ്റ് കീപ്പര്‍).
ശ്രീലങ്ക: സനത് ജയസൂര്യ (ക്യാപ്റ്റന്‍), മാര്‍വന്‍ അട്ടപ്പട്ടു, ആവിഷ്ക ഗുണവര്‍ധനെ, മൈക്കല്‍ വാന്‍ഡോര്‍ട്ട്, കുമാര സംഘക്കാര, മഹേല ജയവര്‍ധനെ, റസ്സല്‍ ആര്‍നോള്‍ഡ്, ഹസന്‍ തിലകരത്നെ, രൊമേഷ് കലുവിതരണ, ചാമിന്ദ വാസ്, സുരേഷ് പെരേര, ദില്‍ഹാര ഫെര്‍ണാണ്ടോ, രുചിര പെരേര, ദുലീപ് ലിയനാഗെ, മുത്തയ്യ മുരളീധരന്‍, തിലന്‍ സമരവീര.












Click it and Unblock the Notifications