ശ്രീലങ്കയ്ക്ക് 77 റണ്‍സിന്റെ ലീഡ്
ഗല്ലെ: ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയുടെ സെഞ്ച്വറിയുടെയും കുമാര്‍ സംഘക്കാര നേടിയ അര്‍ദ്ധസെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 77 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു. ടെസ്റിന്റെ രണ്ടാം ദിവസമായ ആഗസ്ത് 15 ബുധനാഴ്ച കളിനിര്‍ത്തുമ്പോള്‍ ശ്രീലങ്ക മൂന്നുവിക്കറ്റിന് 264 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ജയസൂര്യയുടെ മിന്നുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു ബുധനാഴ്ചത്തെ പ്രത്യേകത. ഏകദിന ക്രിക്കറ്റിലെന്നതുപോലെയായിരുന്നു ജയസൂര്യ ബാറ്റ്വീശിയത്. മൂന്നുമണിക്കൂര്‍ നേരം ക്രീസില്‍ നിന്ന ജയസൂര്യ വെറും 138 പന്തുകളില്‍ നിന്നാണ് അദ്ദേഹം 111 റണ്‍സെടുത്തത്. ഒടുവില്‍ ഇടംകൈയന്‍ ബൗളര്‍ സഹീര്‍ ഖാന്റെ പന്തില്‍ രാഹുല്‍ ദ്രാവിഡ് സ്ലിപ്പില്‍ ക്യാച്ചെടുത്താണ് ജയസൂര്യയെ മടക്കിയയച്ചത്.
ശ്രീലങ്കയ്ക്ക് വേണ്ടി ബാറ്റിംഗ ് തുടങ്ങിയ ജയസൂര്യയും മാര്‍വന്‍ അട്ടപ്പട്ടുവും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 101 റണ്‍സെടുത്തു. 33 റണ്‍സെടുത്ത അട്ടപ്പട്ടു ചായയ്ക്ക് പിരിയും മുമ്പാണ് പുറത്തായത്. പിന്നീട് ബാറ്റ് ചെയ്യാനെത്തിയ സംഘക്കാരയുമായി ചേര്‍ന്ന് ജയസൂര്യ 77 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ജയസൂര്യക്കുശേഷം വന്ന ജയവര്‍ദ്ധനെ 28 റണ്‍സെടുത്ത് പുറത്തായി.
കളിനിര്‍ത്തുമ്പോള്‍ 54 റണ്‍സെടുത്ത സംഘക്കാരയും 19 റണ്‍സെടുത്ത ആര്‍നോള്‍ഡും ബാറ്റ് ചെയ്യുകയാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാംഇന്നിംഗ്സ് 187 റണ്‍സില്‍ അവസാനിച്ചു.












Click it and Unblock the Notifications