ശ്രീലങ്കയ്ക്ക് 42 റണ്‍സ് ലീഡ്
കാന്‍ഡി: രണ്ടാം ടെസ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ ലീഡ്. ശ്രീലങ്കയുടെ 274 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ 232 റണ്‍സിന് ഇന്ത്യ പുറത്തായി.
ശ്രീലങ്കന്‍ ബൗളിംഗിന് മുന്നില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാവാതെ മറ്റ് ബാറ്റ്സ്മാന്മാര്‍ കുഴങ്ങിയപ്പോഴും പിടിച്ചുനിന്ന സദ്ഗോപന്‍ രമേഷും (47) ഹര്‍ബജന്‍സിംഗുമാണ് (44) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 32 പന്തില്‍ നിന്നാണ് ഹര്‍ബജന്‍ 44 റണ്‍സെടുത്തത്.
സ്കോര്‍ 11ലെത്തുമ്പോഴേക്കും ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണു. എസ്.എസ്.ദാസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാമിന്ദവാസാണ് വിക്കറ്റ്വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇന്ത്യയുടെ ഒന്നാം കിട ബാറ്റ്സ്മാന്മാര്‍ ഒന്നിനു പിറകെ ഒന്നായി ശ്രീലങ്കന്‍ ബൗളിംഗിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. രാഹുല്‍ ദ്രാവിഡ് (15), സൗരവ് ഗാംഗുലി (18), മുഹമ്മദ് കെയ്ഫ് (17), ഹേമംഗ് ബദാനി (16) എന്നിവര്‍ പ്രതിരോധിക്കാനാവാതെ കീഴടങ്ങുകയായിരുന്നു.
സമീര്‍ ദിഗെയും (28) ഹര്‍ബജനും ചേര്‍ന്നുള്ള 64 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് അവസാനഘട്ടത്തില്‍ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. അടിച്ചുകളിച്ച ഹര്‍ബജന്‍ ശ്രീലങ്കയുടെ ലീഡ് കുറയ്ക്കാന്‍ സഹായിച്ചു.
നാല് വിക്കറ്റ് വീഴ്ത്തിയ ചാമിന്ദവാസാണ് ഇന്ത്യയെ വരിഞ്ഞുകെട്ടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഫെര്‍ണാണ്ടോയും പെരേരയും മുരളീധരനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.












Click it and Unblock the Notifications