ശ്രീലങ്കയ്ക്ക് 376 റണ്‍സിന്റെ ലീഡ്
കൊളംബോ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്കയ്ക്ക് 376 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ 234 റണ്‍സിനെതിരെ ടെസ്റിന്റെ മൂന്നാം ദിവസമായ ആഗസ്ത് 31 വെള്ളിയാഴ്ച ആറ് വിക്കറ്റിന് 610 റണ്‍സ് എന്ന നിലയില്‍ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗാരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സോടെ ശിവ് സുന്ദര്‍ദാസും 4 റണ്‍സോടെ സദഗോപന്‍ രമേശുമാണ് ക്രീസില്‍.
ടെസ്റില്‍ പരാജയമൊഴിവാക്കണമെങ്കില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. രണ്ടു ദിവസവും ഒരിന്നിംഗ്സും ശേഷിക്കെ ശ്രീലങ്കയ്ക്ക് വിജയം എളുപ്പം കരഗതമാകുമെന്നാണ് കണക്കുകൂട്ടല്‍.
മഹേല ജയവര്‍ധനെ (139), ഹഷന്‍ തിലകരത്നെ (പുറത്താകാതെ 136), തിലന്‍ സമരവീര (പുറത്താകാതെ 103) എന്നിവരുടെ സെഞ്ച്വറികളായിരുന്നു മൂന്നാം ദിവസത്തെ പ്രത്യേകതകള്‍. നേരത്തെ ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടുവും (108) സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ജയവര്‍ധനെയുടെ വിക്കറ്റു മാത്രമേ വെള്ളിയാഴ്ച വീഴ്ത്താന്‍ സാധിച്ചുള്ളൂ.












Click it and Unblock the Notifications