ഇന്ത്യയ്ക്ക് ഇന്നിംഗ്സ് തോല്‍വി; ശ്രീലങ്കയ്ക്ക് പരമ്പര
കൊളംബോ: മൂന്നാം ടെസ്റില്‍ ഇന്ത്യയെ ഇന്നിംഗ്സിനും 77 റണ്‍സിനും തോല്പിച്ച് ശ്രീലങ്ക കൊക്കക്കോള കപ്പ് ടെസ്റ് പരമ്പര 2-1ന് നേടി. ആദ്യ ടെസ്റില്‍ ശ്രീലങ്ക ഇന്ത്യയെ 10 വിക്കറ്റിന് തോല്പിച്ചിരുന്നു. രണ്ടാം ടെസ്റ് ഏഴ് വിക്കറ്റിന് ഇന്ത്യയാണ് ജയിച്ചത്.
ആറ് വിക്കറ്റിന് 217 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസമായ സപ്തംബര്‍ രണ്ട് ഞായറാഴ്ച ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിനു മുമ്പു തന്നെ 299 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. തലേ ദിവസത്തെ ബാറ്റ്സ്മാന്മാരായ ഹേമാംഗ് ബദാനിയും (11) സമീര്‍ ദീഗെയും (4) നാല് റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ തന്നെ പുറത്തായി. ബദാനി വാസിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ ദീഗെ റണ്ണൗട്ടാവുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാമത്തെ റണ്ണൗട്ടാണിത്.
ഒമ്പതാം വിക്കറ്റിന് ഒത്തുചേര്‍ന്ന ഹര്‍ഭജന്‍ സിംഹും സഹീര്‍ ഖാനും മികച്ച സ്ട്രോക്ക് പ്ലേ നടത്തിയപ്പോള്‍ കാണികള്‍ക്ക് അതൊരു ബാറ്റിംഗ് വിരുന്നായി. 17 റണ്‍സെടുത്ത ഹര്‍ഭജനെ വാസിന്റെ പന്തില്‍ അട്ടപ്പട്ടു പിടിച്ച് പുറത്താക്കിയിട്ടും സഹീര്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 40 പന്തില്‍ 45 റണ്‍സെടുത്ത സഹീര്‍ മുരളിധരന്റെ പന്തില്‍ അട്ടപ്പട്ടുവിന് പിടികൊടുത്തതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശ്ശീല വീണു.
ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നേടി ഇന്ത്യന്‍ തോല്‍വിക്ക് തുടക്കമിട്ട മുത്തയ്യ മുരളീധരനാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടതും മുരളിയായിരുന്നു.
ടെസ്റ് പരമ്പരയ്ക്ക് മുമ്പ് നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലും ശ്രീലങ്കയായിരുന്നു വിജയികള്‍. ഫൈനലില്‍ ഇന്ത്യയെത്തന്നെയായിരുന്നു അവര്‍ തോല്പിച്ചത്.












Click it and Unblock the Notifications