സാംപ്രാസ് അഗാസിയെ തോല്പിച്ചു; വീനസ്-കപ്രിയാറ്റി സെമി
ന്യൂയോര്‍ക്ക്: അത്യന്തം വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ആന്ദ്രെ അഗാസിയെ തോല്പിച്ച് പീറ്റ് സാംപ്രാസ് യുഎസ് ഓപ്പണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍: 6-7, 7-6, 7-6, 7-6.
മൂന്നു മണിക്കൂറും 32 മിനിറ്റും നീണ്ടു നിന്ന മാരത്തോണ്‍ പോരാട്ടം സപ്തംബര്‍ ആറ് വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.50നാണ് അവസാനിച്ചത്. ഏവരും പ്രതീക്ഷിച്ചപോലെ ആരു ജയിക്കുമെന്ന് മത്സരത്തിന്റെ അവസാന നിമിഷം വരെ വ്യക്തമായിരുന്നില്ല. ഒരു സെര്‍വ് പോലും ഭേദിക്കാന്‍ ഇട നല്‍കാതെ ഇരുവരും മുന്നേറിയപ്പോള്‍ എല്ലാ സെറ്റുകളിലും വിജയിയെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ തന്നെ വേണ്ടിവന്നു.
തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് സാംപ്രാസ് അഗാസിക്കെതിരെ പുറത്തെടുത്തത്. 25 എയ്സുകളും 80 വിന്നറുകളും സാംപ്രാസിന്റെ റാക്കറ്റില്‍ നിന്ന് പറന്നു. 12 ഡബിള്‍ ഫോള്‍ട്ടുകളും 40 അണ്‍ഫോഴ്സ്ഡ് എററുകളും മൂലം ഉണ്ടായ പതറിച്ചകള്‍ സാംപ്രാസ് തീര്‍ത്തത് ഈ എയ്സുകളും വിന്നറുകളും ഉപയോഗിച്ചായിരുന്നു.
സെമിഫൈനലില്‍ സാംപ്രാസ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ റഷ്യയുടെ മരാത് സഫിനെ നേരിടും. കഴിഞ്ഞ തവണ സാംപ്രാസിനെ തന്നെ തോല്പിച്ചായിരുന്നു സഫിന്‍ ചാമ്പ്യനായത്.
അര്‍ജന്റീനയുടെ മരിയാനോ സബാലേറ്റയെയാണ് സഫിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്പിച്ചത്. സ്കോര്‍: 6-4, 6-4, 6-2.
വീനസ്-കപ്രിയാറ്റി സെമി
വനിതാവിഭാഗം സെമിഫൈനലില്‍ വീനസ് വില്യംസും ജെന്നിഫര്‍ കപ്രിയാറ്റിയും ഏറ്റുമുട്ടും. മാര്‍ട്ടിന ഹിംഗിസും സെറീനവില്യംസും തമ്മിലാണ് മറ്റൊരു സെമിഫൈനല്‍.
സപ്തംബര്‍ അഞ്ച് ബുധനാഴ്ച വൈകീട്ട് നടന്ന ക്വാര്‍ട്ടറുകളില്‍ വീനസ് ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റേഴ്സിനെയും (6-2, 6-1) ജെന്നിഫര്‍ കപ്രിയാറ്റി അമേലി മോറീസ്മോയെയും (6-3, 6-4) ആണ് തോല്പിച്ചത്.












Click it and Unblock the Notifications