ഹെവിറ്റ്-കഫല്‍നിക്കഫ് സെമി; വനിതാ സെമി ഇന്ന്
ന്യൂയോര്‍ക്ക്: നാലാം സീഡ് ആസ്ത്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റും ഏഴാം സീഡ് റഷ്യയുടെ യെവ്ജനി കഫല്‍നിക്കഫും യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സെമിഫൈനലില്‍ ഏറ്റുമുട്ടും.
സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ അവസാനിച്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീനേജ് താരം 18ാം സീഡ് അമേരിക്കയുടെ ആന്‍ഡി റോഡിക്കിനെ അഞ്ച് സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തില്‍ തോല്പിച്ചാണ് ഹെവിറ്റ് സെമിയിലെത്തിയത്. സ്കോര്‍: 6-7, 6-3, 6-4, 4-6, 6-4. വ്യാഴാഴ്ച നടന്ന സാംപ്രാസ്-അഗാസി മത്സരത്തിന് ശേഷം ആര്‍തര്‍ ആഷെ സ്റേഡിയത്തില്‍ നടന്ന മാരത്തോണ്‍ മത്സരമായിരുന്നു ഇത്. മൂന്ന് മണിക്കൂറും 40 മിനിറ്റുമാണ് മത്സരം നീണ്ടു നിന്നത്.
വ്യാഴാഴ്ച വൈകീട്ട് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ബ്രസീലിന്റെ ഗസ്റാവോ കേര്‍ട്ടണെ തോല്പിച്ചാണ് കഫല്‍നിക്കഫ് സെമിയില്‍ പ്രവേശിച്ചത്. സ്കോര്‍: 6-4, 6-0, 6-3. കേര്‍ട്ടണെ തീര്‍ത്തും നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു കഫല്‍നിക്കഫ് പുറത്തെടുത്തത്.
മൂന്നാം സീഡും നിലവിലെ ചാമ്പ്യനുമായ മരാത് സഫിനും 10ാം സീഡ് പീറ്റ് സാംപ്രാസും നേരത്തെത്തന്നെ സെമിയില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു.
വനിതാ വിഭാഗം സെമിഫൈനല്‍ ഇന്ന്
വനിതാ വിഭാഗം സിംഗിള്‍സിലെ സെമിഫൈനല്‍ വെള്ളിയാഴ്ച വൈകീട്ട് നടക്കും. ഒന്നാം സെമിയില്‍ ഒന്നാം സീഡ് സ്വിറ്റ്സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസും 10ാം സീഡ് അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. നാലാം സീഡും നിലവിലെ ചാമ്പ്യനുമായ വീനസ് വില്യംസും രണ്ടാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയും തമ്മിലാണ് രണ്ടാമത്തെ സെമി.












Click it and Unblock the Notifications