സാംപ്രാസ്-ഹ്യൂവിറ്റ് ഫൈനല്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ പീറ്റ് സാംപ്രാസിന്റെ സ്വപ്നസമാനമായ കുതിപ്പ് തുടരുന്നു. സപ്തംബര്‍ ഒമ്പത് ഞായറാഴ്ച അര്‍ദ്ധരാത്രി നടക്കുന്ന പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ സാംപ്രാസ് നാലാം സീഡ് ലെയ്ട്ടണ്‍ ഹ്യൂവിറ്റിനെ നേരിടും.
ശനിയാഴ്ച അര്‍ദ്ധരാത്രി നടന്ന സെമിയില്‍ നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ റഷ്യയുടെ മരാത് സഫിനെ 6-3, 7-6, 6-3 എന്ന സ്കോറിന് തകര്‍ത്താണ് സാംപ്രാസ് ഫൈനലിലേക്ക് മുന്നേറിയത്. മികച്ച സര്‍വുകളും വോളികളും കൊണ്ട് സാംപ്രാസ് സഫിനെ തീര്‍ത്തും നിഷ്പ്രഭനാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ മാത്രമാണ് സഫിന് തന്റെ ഫോമിലെത്താന്‍ അല്പമെങ്കിലും സാധിച്ചത്.
10ാം സീഡായ സാംപ്രാസ് ഫൈനലിലേക്കുള്ള കുതിപ്പിനിടയില്‍ തുടര്‍ച്ചയായി മൂന്നു മുന്‍ ചാമ്പ്യന്മാരെ അടിയറവ് പറയിച്ചു കഴിഞ്ഞു. 1996ല്‍ സാംപ്രാസ് കിരീടം നേടിയതിനു ശേഷം ചാമ്പ്യന്മാരായവരാണ് അവരെല്ലാം എന്നത് യാദൃച്ഛികത മാത്രം. 1997, 98 വര്‍ഷങ്ങളില്‍ ചാമ്പ്യനായ ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററാണ് ആദ്യം സാംപ്രാസിനു മുന്നില്‍ അടിയറവ് പറഞ്ഞത്. പ്രീ-ക്വാര്‍ട്ടറിലായിരുന്നു ഇത്. ക്വാര്‍ട്ടറില്‍ 1999ലെ ചാമ്പ്യനും നാട്ടുകാരനുമായ ആന്ദ്രെ അഗാസിയെ ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പോരാട്ടത്തില്‍ സാംപ്രാസ് കീഴ്പ്പെടുത്തി. ഇപ്പോഴിതാ ഫൈനലിലെത്താന്‍ 2000ത്തിലെ ചാമ്പ്യന്‍ മരാത് സഫിനെയും സാംപ്രാസ് കീഴ്പെടുത്തിയിരിക്കുന്നു.
സാംപ്രാസിന്റെ കുതിപ്പിന് വിരാമമിടാന്‍ ആസ്ത്രേലിയക്കാരനായ ലെയ്ട്ടണ്‍ ഹ്യൂവിറ്റിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സെമിയില്‍ റഷ്യയുടെ യെവ്ജനി കഫല്‍നിക്കഫിനെതിരെ പുറത്തെടുത്ത പ്രകടനം നോക്കുമ്പോള്‍ ഹ്യൂവിറ്റിന് സാംപ്രാസിനെ തളയ്ക്കാന്‍ കഴിയുമെന്ന് ചിലരെങ്കിലും പറയുന്നു. കഫല്‍നിക്കഫിനെ 6-1, 6-2, 6-1 എന്ന സ്കോറിനാണ് ഹ്യൂവിറ്റ് നിലംപരിശാക്കിയത്.












Click it and Unblock the Notifications