വീനസ് വില്യംസിന് യുഎസ് ഓപ്പണ്‍
ന്യൂയോര്‍ക്ക്: സഹോദരിമാര്‍ തമ്മിലുള്ള അങ്കത്തില്‍ വിജയം ചേച്ചിക്ക്. സപ്തംബര്‍ എട്ട് ശനിയാഴ്ച രാത്രി നടന്ന ഫൈനലില്‍ സഹോദരി സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ വീനസ് വില്യംസ് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി. സ്കോര്‍: 6-2, 6-4.
കുടുംബാംഗങ്ങളുടെ കളിയായി മാറിയ വനിതാവിഭാഗം ഫൈനലില്‍ വീനസ് അക്ഷരാര്‍ത്ഥത്തില്‍ സെറീനയെ വാരിക്കളയുകയായിരുന്നു. എന്തുകൊണ്ടാണ് താന്‍ സഹോദരിയേക്കാള്‍ കേമിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു അവരുടെ പ്രകടനം. ഒരു മണിക്കൂറും ഒമ്പതു മിനിറ്റും കൊണ്ടാണ് വീനസ് സഹോദരിയെ കെട്ടുകെട്ടിച്ചത്.
ടൂര്‍ണമെന്റില്‍ ഒറ്റ സെറ്റു പോലും അടിയറ വെക്കാതെയാണ് വീനസ് കിരീടം ചൂടിയത്. കിരീടത്തിലേക്കുള്ള പ്രയാണത്തില്‍ ഒരിക്കല്‍പോലും എതിരാളികള്‍ വീനസിന് വെല്ലുവിളിയുയര്‍ത്തിയില്ല.
ഈ വര്‍ഷം വീനസ് നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്ലാം കിരീടമാണിത്. ജൂലായില്‍ സമാപിച്ച വിംബിള്‍ഡണ്‍ കിരീടവും വീനസിനായിരുന്നു. രണ്ടു കിരീടങ്ങളും വീനസ് നിലനിര്‍ത്തുകയുമായിരുന്നു.












Click it and Unblock the Notifications