സിംപ്യൂട്ടര്‍ രംഗത്തെത്തുന്നു
ബാംഗ്ലൂര്‍: ഇന്ത്യന്‍ ഇന്‍സ്റിട്യൂട്ട് ഓഫ് സയന്‍സിലെ നാലു പ്രൊഫസര്‍മാരുടെ കണ്ടെത്തലായ സിംപ്യൂട്ടര്‍ പ്രായോഗിക പഥത്തിലെത്തുന്നു. പേഴ്സണല്‍ കമ്പ്യൂട്ടറിന് ബദലെന്ന നിലയ്ക്കാണ് പ്രൊഫസര്‍മാര്‍ സിംപ്യൂട്ടര്‍ രൂപകല്പന ചെയ്തത്. സിംപ്യൂട്ടര്‍ എന്നാല്‍ വില കുറഞ്ഞ, കൊണ്ടു നടക്കാവുന്ന ചെറിയ കമ്പ്യൂട്ടര്‍ എന്ന് വേണമെങ്കില്‍ പറയാം.
ഇതുവരെ വിപണിയിലിറങ്ങിയിട്ടില്ലാത്ത സിംപ്യൂട്ടറിന്റെ നിര്‍മ്മാണച്ചുമതല ഭാരത് ഇലക്ട്രോണിക്സിനാണ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ ഒരു സിംപ്യൂട്ടറിന് 9,000 രൂപയേ വില വരൂ. വലിയ കോര്‍പറേറ്റ് കമ്പനികള്‍ സിംപ്യൂട്ടറില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെങ്ങുമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ സിംപ്യൂട്ടര്‍ കണ്ടെത്തിയ പ്രൊഫസര്‍മാര്‍ ഏറെ പ്രചേദിപ്പിക്കുന്നതായി യുഎസിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്യിൂട്ട് ഓഫ് ടെക്നോളജിയുടെ ടെക്നോളജി റിവ്യൂ എന്ന മാസിക പറയുന്നു.
ഇപ്പോള്‍ സിംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുകയാണ് സിംപ്യൂട്ടറിന്റെ ശില്പികള്‍. സാര്‍ക് രാജ്യങ്ങളിലെ വിദ്യഭ്യാസത്തിന്റെ നിലവാരമുയര്‍ത്താനും പ്രോത്സാഹിപ്പിക്കാനും സിംപ്യൂട്ടര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പദ്ധതിയ്ക്ക് സൗത്ത് ഏഷ്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന മുന്നോട്ടുവന്നതായി വിജയ് ചന്ദ്രു, സ്വാമി മനോഹര്‍, വി. വിനയ്, രമേഷ് ഹരിഹരന്‍ എന്നീ സിംപ്യൂട്ടര്‍ രൂപകല്പനചെയ്ത പ്രൊഫസര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ ബൃഹല്‍ പദ്ധതിയുടെ പരീക്ഷണം ഇന്ത്യയില്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഛത്തിസ്ഗഡിലെ ബസ്തര്‍ പ്രദേശത്തായിരിക്കും സിംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസപരിപാടിയുടെ തുടക്കം.












Click it and Unblock the Notifications