കേസ്റന് സെഞ്ച്വറി;ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം
ജോഹന്നാസ്ബര്‍ഗ്: ഓപ്പണര്‍ ഗാരികേസ്റന്‍ പുറത്താവാതെ നേടിയ 133 റണ്‍സിന്റെ മികവില്‍ ത്രിരാഷ്ട്രകപ്പിലെ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മേല്‍ ജയം നേടി. 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 279 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.
125 പന്തില്‍ 127 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും 101 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചെങ്കിലും ഗാരികേസ്റന്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.
ഗാരി കേസ്റനും ഹര്‍ഷേല ഗിബ്സും ചേര്‍ന്നുള്ള ആദ്യവിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളര്‍മാരെ നിലം പരിശാക്കുകയായിരുന്നു. 44 പന്തില്‍ 48 റണ്‍സെടുത്ത ഗിബ്സിനോടൊത്ത് കേസ്റന്‍ പടുത്തുയര്‍ത്തിയ 114 റണ്‍സിന്റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറ പാകുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ ഇരുവരില്‍ നിന്നും ശരിക്കും അടികൊണ്ടു.
10 പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം കാണുമ്പോള്‍ ക്രീസില്‍ അപ്പോഴും കേസ്റന്‍ അജയ്യനായി നില്‍ക്കുന്നുണ്ടായിരുന്നു. കാലിസ് (39), ജോണ്ടി റോഡ്സ് (20), ലാന്‍സ് ക്ലുസ്നര്‍ (17) റണ്‍സ് നേടി.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കിന്റെ തീരുമാനം തെറ്റിപോയൊന്നു തോന്നിക്കും വിധത്തിലായിരുന്നു ഗാംഗുലിയുടെയും സച്ചിന്റെയും പ്രകടനം. 35.2 ഓവര്‍ വരെ നിലനിന്ന ഈ സഖ്യം ഇന്ത്യയെ 300നു മുകളിലേക്ക് എത്തിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് വന്നവര്‍ക്ക് സ്കോറിംഗിന്റെ വേഗത ഉയര്‍ത്താനായില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അവര്‍ പെട്ടെന്ന് മുട്ടുകുത്തുകയും ചെയ്തു.












Click it and Unblock the Notifications