കേരളത്തിന് മുന്‍തൂക്കം
മുംബൈ : നാലാം തവണ സന്തോഷ് ട്രോഫി മുത്തമിടാനുള്ള കേരളത്തിന്റെ യാത്ര മുടക്കാന്‍ തമിഴ് നാടിനാവുമോ ? മുംബൈയില്‍ നവമ്പര്‍ 15 വ്യാഴാഴ്ച 57 ാമത് ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം സെമി ഫൈനലിന് പന്തുരുളുമ്പോള്‍ ഈ ചോദ്യമാണുയരുന്നത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനമനുസരിച്ച് കേരളത്തിനു തന്നെയാണ് വ്യക്തമായ മുന്‍തൂക്കം.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അബ്ദുള്‍ ഹക്കീമും ഇഷ്യസും ആസിഫ് സഹീറും മിന്നുന്ന ഫോമിലാണ്. ഉന്നം തെറ്റാത്ത കാലുകള്‍ക്ക് അളന്നു കുറിച്ച പാസുകള്‍ നല്‍കാന്‍, അബ്ദുള്‍ നൗഷാദും സബീറലിയും അജയനും സമീറുമടങ്ങുന്ന മദ്ധ്യനിര സദാസജ്ജം. ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പ്രതിരോധ നിരയ്ക്കു പിന്നില്‍ ചോരാത്ത കൈകളുമായി ഒന്നാം നമ്പര്‍ ഗോളി ജോബി തോമസ്.
ചാമ്പ്യന്‍ ഷിപ്പിലെ കറുത്തകുതിരകളായ തമിഴ്നാട് പ്രധാനമായി ആശ്രയിക്കുന്നത് ഇന്റര്‍ നാഷണല്‍ താരം സബീര്‍ പാഷയെയാണ്. പാഷയ്ക്ക് കൂട്ടിന് മുന്നേറ്റനിരയില്‍ മുത്തുവും സുരേഷ് കുമാറുമുണ്ട്.
ഇരുടീമുകളും സര്‍വശക്തിയുമെടുത്ത് കൊമ്പുകോര്‍ക്കുമ്പോള്‍ അത് ആവേശകരമായ ഫുട്ബാള്‍ വിരുന്നാകും. ഗോവയും റെയില്‍വേസും തമ്മിലുള്ളരണ്ടാം സെമിയില്‍ ഗോവയ്ക്കാണ് മുന്‍തൂക്കം.












Click it and Unblock the Notifications