ഇന്ത്യ ഇഴയുന്നു
ബാംഗ്ലൂര്‍ : ഇനി ഈ ടെസ്റ് ജയിക്കാമെന്ന് ഗാംഗുലി കരുതുന്നുണ്ടാവില്ല. മൂന്നാം ദിനം ഏഴു വിക്കറ്റു നഷ്ടത്തില്‍ 218 റണ്‍സെടുത്ത ആതിഥേയര്‍ ഇപ്പോഴും 118 റണ്‍സിന് പുറകിലാണ്. സമനിലയ്ക്കായും നന്നായി വിയര്‍ക്കേണ്ടി വരുമെന്ന് ഉറപ്പ്. മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം ഡ്രെസ്സിംഗ് റൂമില്‍ മടങ്ങിയെത്തിക്കഴിഞ്ഞു.
90 റണ്‍സെടുക്കുമ്പോഴേയ്ക്കും ക്രിസ് ഗെയിലൊരുക്കിയ ചതിക്കുഴിയില്‍ സ്വയം തലവച്ച സച്ചിനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ഇന്നലത്തെ തന്ത്രം തന്നെയാണ് സച്ചിനെതിരെ ഇംഗ്ലണ്ട് സ്പിന്നര്‍ ഇന്നും പുറത്തെടുത്തത്. ലെഗ് സ്റംപിനു പുറത്തെറിയുന്ന നെഗറ്റീവ് ബൗളിംഗ്. ദേഷ്യം വന്ന് ഗെയിലിനെ പൂശാന്‍ ക്രീസില്‍നിന്നും പുറത്തിറങ്ങിയ സച്ചിന് നിലതെറ്റി. ഫോസ്റര്‍ സ്റംപു ചെയ്തു പുറത്താക്കിയപ്പോള്‍ ക്രിസ് ഗെയിലിന് ഒട്ടും അര്‍ഹിക്കാത്ത ഒരു വിക്കറ്റും.
ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്ത സെവാഗ് വീണ്ടും കാണികളുടെ അരുമായായി. 88 പന്തില്‍ 13 തകര്‍പ്പന്‍ ബൗണ്ടറികള്‍ തൊങ്ങല്‍ ചാര്‍ത്തിയ 66 റണ്‍സ്. ഹൊഗാര്‍ഡിന്റെ പന്തില്‍ കീപ്പര്‍ക്കു ക്യാച്ച് നല്‍കിയാണ് സെവാഗ് പുറത്തായത്.
ദ്രാവിഡും ഗാംഗുലിയും ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൊഹീന്ദറിന്റെ വക ചൂരല്‍ പ്രയോഗമൊന്നും ഗാംഗുലിയില്‍ ഫലിച്ച ലക്ഷണമില്ല. മൂന്നു പന്തു നേരിട്ട നായകന്‍ പൂജ്യത്തിനാണ് പുറത്തായത്. ദ്രാവിഡ് 63 പന്തു നേരിട്ട് വിലപ്പെട്ട മൂന്നു റണ്‍സ് നേടി.
മൂന്നാം ദിനം വീണ നാല് ഇന്ത്യന്‍ വിക്കറ്റുകളില്‍ മൂന്നും ഹൊഗാര്‍ഡ് നേടി. ഒഫ് സ്റംപിനു പുറത്ത് ക്രൃത്യമായ ലെംഗ്തില്‍ പന്തെറിഞ്ഞ ഹൊഗാര്‍ഡ് സെവാഗിനെയും ദ്രാവിഡിനെയും പുറത്താക്കിയ പന്തുകള്‍ സുന്ദരങ്ങളായിരുന്നു. വെളിച്ചക്കുറവു മൂലം മൂന്നോവര്‍ ശേഷിക്കെ കളി നിര്‍ത്തി വച്ചു.












Click it and Unblock the Notifications