ഇന്ത്യ പൊരുതി; ഇംഗ്ലണ്ട് ജയിച്ചു
ദില്ലി : അവസാന പന്തില്‍ സിക്സറടിക്കാന്‍ അജിത് അഗാര്‍ക്കര്‍ മിയാന്‍ദാദല്ലായിരുന്നു. ഞരമ്പ് ത്രസിപ്പിക്കുന്ന അവസാന ഓവറില്‍ രണ്ടു റണ്‍സിന് വിജയം ഇന്ത്യയില്‍ നിന്നും അകന്നു പോയി.
അഞ്ചാം ഏകദിനത്തിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സായിരുന്നു. അവസാന പന്തില്‍ അഞ്ചും. ഫോറെന്നുറപ്പിച്ച ഷോട്ട് ഫ്ലിന്റോഫ് ഡൈവ് ചെയ്തു തടഞ്ഞു. ഫലം 50 ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റിന് 269. ലക്ഷ്യത്തിന് രണ്ടു റണ്‍സ് അകലെ. അപ്പോള്‍ 24 പന്തുകളില്‍ നിന്നും 36 റണ്‍സുമായി അഗാര്‍ക്കര്‍ പുറത്താകാതെ നിന്നു.
ഉറപ്പിച്ച വിജയം കാഴ്ചക്കാര്‍ക്കു വേണ്ടി കളിച്ചു കളഞ്ഞ മുന്‍നിരക്കാര്‍ക്ക് വേണമെങ്കില്‍ അഗാര്‍ക്കറെ മാതൃകയാക്കാം. കാണ്‍പൂര്‍ വിജയം നല്‍കിയ അഹങ്കാരമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്.
50 ഓവറില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സെവാഗും സചിനും കാണ്‍പൂര്‍ മൂഡില്‍ തന്നെയായിരുന്നു. ആദ്യത്തെ അഞ്ചോവറില്‍ പന്ത് ഏതുവഴിയൊക്കെ പറന്നെന്ന് ആര്‍ക്കും നിശ്ചയമില്ല. ആറോവറില്‍ പിറന്നത് 53 റണ്‍സ്. പിന്നീട് കാഡിക്കിന്റെ പന്തിനെ തോണ്ടാന്‍ ശ്രമിച്ചു സചിന്‍ പുറത്തായതോടെ കഥ മാറി. ഗാംഗൂലിയെയും സെവാഗിനെയും ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ വരിഞ്ഞു മുറുക്കി. ആറോവറില്‍ 50 കടന്ന ഇന്ത്യയ്ക്ക് 100 തികയ്ക്കാന്‍ 21 ഓവര്‍ വേണ്ടിവന്നു. ഇടയ്ക്ക് സേവാഗിന്റെയും മോംഗിയയുടെയും വിക്കറ്റും പോയി.
ആദ്യ കളിയുടെ പരിഭ്രമമില്ലാതെ മുഹമ്മദ് കൈഫ് നായകനൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി. താളം വീണ്ടെടുത്ത ഗാംഗൂലി പതിയെ ഫോമിലായി. പടുകൂറ്റന്‍ സിക്സറുകള്‍ പിറന്നു. അനായാസം ഇന്ത്യ ജയിക്കുമെന്നു തന്നെ കരുതി. ആഷ്ലി ഗെയില്‍സിന്റെ പന്തില്‍ സിക്സറിന് ശ്രമിച്ച് നായകന്‍ പുറത്തായതോടെ തകര്‍ച്ച തുടങ്ങി. നന്നായി കളിച്ചു വന്ന കൈഫും അതേ ഓവറില്‍ പുറത്ത്.
ആഷ്ലിയുടെ അടുത്ത ഓവറില്‍ മടക്കയാത്ര ബദാനിയ്ക്കായിരുന്നു. അജയ് രാത്രയും പുറത്തായതോടെ ഇന്ത്യ എളുപ്പം കീഴടങ്ങുമെന്ന് കരുതി. അവിടെ നിന്നാണ് അഗാര്‍ക്കര്‍ ഉണര്‍ന്നത്. ഒന്നും രണ്ടും ഇടയ്ക്ക് ബൗണ്ടറികളുമായി ഇന്ത്യയെ വിജയത്തിനടുത്തു വരെ എത്തിച്ചു.
ടോസ് നേടിയ ഗാംഗൂലി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. നിക്ക് നൈറ്റിന്റെ സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ സവിശേഷത. ട്രെസ്ക്കോത്തിക്കും നൈറ്റും പതുക്കെയാണ് തുടങ്ങിയത്. നിലയുറപ്പിച്ച ശേഷം ആക്രമിക്കുക എന്നതായിരുന്നു തന്ത്രം. ഫലം മുന്‍നിരക്കാരെല്ലാം നന്നായി കളിച്ചു. ട്രെസ്ക്കോത്തിക് 35, നാസര്‍ ഹുസൈന്‍ 49, ഫ്ലിന്റോഫ് 52 എന്നിങ്ങനെയായിരുന്നു സ്കോര്‍. 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 272 എന്ന വിജയ ലക്ഷ്യമാണ് സന്ദര്‍ശകര്‍ ഇന്ത്യയ്ക്കു നല്‍കിയത്.
10 ഓവറില്‍ 57 റണ്‍ നല്‍കി അഞ്ചു വിക്കറ്റ് നേടിയ ആഷ്്ലി ഗെയില്‍സാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ പരമ്പര 3-2 എന്ന നിലയിലായി. അവസാന മത്സരം ഫെബ്രുവരി മൂന്നിന് മുംബെയില്‍ നടക്കും.












Click it and Unblock the Notifications