ഗാംഗുലി തിരിച്ചുവന്നു; ടെസ്റ് ഇഴയുന്നു
ദില്ലി : ടെണ്ടുല്‍ക്കറുടെ നിരാശപ്പെടുത്തുന്ന ബാറ്റിംഗ്പ്രകടനവും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവുമായിരുന്നു രണ്ടാം ടെസ്റിലെ രണ്ടാം ദിവസത്തെ പ്രത്യേകത. സച്ചിനില്‍ നിന്ന് ഒരു ടെസ്റ് സെഞ്ച്വറി കൂടി പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു സച്ചിന്‍. ടെസ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറികൂടി നേടിയാല്‍ ബ്രാഡ്മാന്റെ റിക്കാര്‍ഡിനൊപ്പമെത്തുന്ന സച്ചിന്‍ പക്ഷെ 36റണ്‍സെടുത്തുനില്ക്കുമ്പോള്‍ പുറത്തായി. പ്രൈസ് ടെണ്ടുല്‍ക്കറെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
എന്നാല്‍ ക്യാപ്റ്റന്‍ ആശ്വാസമായത് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ബാറ്റിംഗ് പ്രകടനമാണ്. 169 പന്തുകളില്‍ നിന്ന് 78 റണ്‍സെടുത്ത ഗാംഗുലി പുറത്താകാതെ നില്ക്കുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി.
ക്രീസില്‍ 78 റണ്‍സോടെ ഗാംഗുലിയും 16 റണ്‍സോടെ വീരേന്ദര്‍ ഷെവാഗും ബാറ്റുചെയ്യുന്നു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് അതിവേഗമാണ് ഓപ്പണര്‍മാരെ നഷ്ടമായത്. 13റണ്‍സെടുത്ത എസ്.എസ്. ദാസ് ഹീത്ത് സ്ട്രീക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്തു. ഇക്കുറി മൂന്നാമനായി ഇറങ്ങിയ ഗാംഗുലി ദാസ്ഗുപ്തയുമായി ചേര്‍ന്ന് സ്കോര്‍ 50 കടത്തി.
ട്രാവിസിന്റെ പന്തില്‍ 18 റണ്‍സെടുത്ത ദാസ്ഗുപ്തയും വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്തു. സ്കോര്‍ രണ്ട് വിക്കറ്റിന് 58. തുടര്‍ന്നിറങ്ങിയ സച്ചിന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ട്രാവിസിന്റെ ഒരു ഓവറില്‍ മൂന്നു ബൗണ്ടറികള്‍ നേടിയ സച്ചിന്‍ വെറും 39 പന്തുകള്‍ നേരിട്ട് 24 റണ്‍സെടുത്തു.
സ്വാഭാവികമായും സച്ചിനില്‍ നിന്ന് അടുത്ത സെഞ്ച്വറി ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ തന്റെ സ്വഭാവത്തിന് വിപരീതമായി, സച്ചിന്‍ പെട്ടെന്ന് പ്രതിരോധത്തിലേക്ക് പിന്‍മാറുകയായിരുന്നു. മറുഭാഗത്ത് അതിവേഗത്തില്‍ റണ്‍സുകള്‍ വാരിക്കൂട്ടിയ ഗാംഗുലിയ്ക്ക് പിന്തുണ നല്കുകന്നില്‍ സച്ചിന്‍ ഒതുങ്ങിനിന്നു.
പക്ഷെ അത് സച്ചിന് തന്നെ അപകടമായി. 119 പന്തുകളില്‍ നിന്നും 36 റണ്‍സ് എന്ന മോശപ്പെട്ട ബാറ്റിംഗ് നിലവാരത്തോടെയാണ് സച്ചിന്‍ പുറത്തായത്. തുടര്‍ന്ന് വന്ന ദ്രാവിഡ് ഒരു റണ്‍സെടുത്തപ്പോഴേക്കും പുറത്തായി. എന്നാല്‍ വിരേന്ദര്‍ ഷെവാഗ് ദ്രാവിഡിന് നല്ല പിന്തുണനല്കി. ഷെവാഗ് തന്റെ ബാറ്റിംഗ് വെടിക്കെട്ടും പുറത്തെടുത്തു. വെറും 24 പന്തുകളില്‍ നിന്നും ഷെവാഗ് 16 റണ്‍സ് നേടി.
നേരത്തെ ആറു വിക്കറ്റിന് 260 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ സിംബാബ്വേയുടെ ഇന്നിംഗ്സ് 329 റണ്‍സിന് അവസാനിച്ചു. വെറും 69 റണ്‍സ് കൂടിയേ സിംബാബ്വേയ്ക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഡിയോണ്‍ ഇബ്രാഹിമിന്റെ ദൗര്‍ഭാഗ്യകരമായ എല്‍ബിഡബ്ല്യുവാണ് സിംബാബ്വേയ്ക്ക് വിനയായത്. 94റണ്‍സെടുത്ത് നില്ക്കുമ്പോഴാണ് ഇബ്രാഹിം ശ്രീനാഥിന്റെ പന്തില്‍ പുറത്തായത്.












Click it and Unblock the Notifications