സൗരവിന് സെഞ്ച്വറി: ഇന്ത്യ ആറിന് 319
ദില്ലി : ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് ഗാംഗുലി ആദ്യ ശതകം തികച്ചു. കൂട്ടിന് സെവാഗിന്റെ മിന്നല്‍ ബാറ്റിംഗും ചേര്‍ന്നപ്പോള്‍ മൂന്നാം ദിനം ഇന്ത്യ ആറിന് 319 എന്ന നിലയില്‍. നാലു വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരുടെ ഒന്നാമിന്നിംഗ്സിന് 10 റണ്‍സ് പിറകില്‍. പല പ്രാവശ്യം മഴ വില്ലന്‍ വേഷം കെട്ടിയ മൂന്നാം ദിവസം ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിലെത്തിയ കാണികള്‍ക്ക് സൗരവും സെവാഗും ചേര്‍ന്ന് ബാറ്റിംഗ് വിരുന്നൊരുക്കി.
കളി നിര്‍ത്തുമ്പോള്‍ 135 റണ്‍സുമായി ഗാംഗുലിയും 19 റണ്‍സുമായി കുംബ്ലെയും ക്രീസിലുണ്ട്. 118 പന്തുകളില്‍ നിന്നും 16 ബൗണ്ടറികളോടെ 74 റണ്‍സെടുത്ത വീരേന്ദ്ര സെവാഗാണ് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയത്. നാലു റണ്ണെടുത്ത സഞ്ജയ് ബംഗാറാണ് പുറത്തായ മറ്റൊരാള്‍. ബംഗാര്‍ റണ്ണൗട്ടാവുകയായിരുന്നു.
ഏറെ നാളത്തെ ബാറ്റിംഗ് വരള്‍ച്ചയില്‍ നിന്നാണ് ഗാംഗുലിയ്ക്ക് ദില്ലിയില്‍ മോചനം ലഭിച്ചത്. ദ്രാവിഡിന്റെ സ്ഥാനം കടം വാങ്ങി വന്ന ക്യാപ്റ്റന് പിഴച്ചില്ല. ദുര്‍ബലമായ സിംബാബ്വെ ബൗളിംഗിനെയും പ്രവചനാതീതമായ പിച്ചിനെയും ഒരുപോലെ നേരിട്ട് ഗാംഗുലി തന്റെ എട്ടാം ടെസ്റ് സെഞ്ച്വറി തികച്ചു. 279 പന്തുകളില്‍ നിന്നും 21 ബൗണ്ടറികളോടെയാണ് കല്‍ക്കത്തയുടെ രാജകുമാരന്‍ 135 റണ്‍സ് നേടിയത്.












Click it and Unblock the Notifications