വാലറ്റക്കാരനു മുന്നില്‍ ഇന്ത്യ നമിച്ചു
ഫരീദാബാദ് : ഡഗ്ലസ് മാര്‍ലിയര്‍ ഒരിക്കലും മറക്കാത്ത ഇന്നിംഗ്സായിരിക്കും ഇത്. ഇന്ത്യയും. പത്താമനായി ഇറങ്ങി 24 പന്തുകളില്‍ നിന്നും 56 റണ്‍സ് നേടി തന്റെ ടീമിനെ വിജയിപ്പിക്കുക. ഏതൊരു ക്രിക്കറ്ററുടെയും ഏകാന്ത സ്വപ്നം. സച്ചിനും സെവാഗുമില്ലാത്ത ഇന്ത്യന്‍ ടീമിന്റെ നെഞ്ചില്‍ ചവിട്ടി ഈ 22കാരന്‍ അതു സാധിച്ചപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കിട്ടിയത് മറക്കാനാകാത്ത ബാറ്റിംഗ് വിരുന്ന്. സിബാംബ്വെയ്ക്ക് അവസാന ഓവറില്‍ ത്രസിപ്പിക്കുന്ന ഒരു വിക്കറ്റ് വിജയവും.
വിജയിക്കാന്‍ 50 ഓവറില്‍ 275 റണ്‍ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച സിബാബ്വെ തുടക്കത്തില്‍ പതറി. ആദ്യ ഓവറില്‍ വിഷാര്‍ട്ടിനെയും നാലാം ഓവറില്‍ ട്രാവിസ് ഫ്രണ്ടിനെയും പുറത്താക്കി തന്നെ സഹീര്‍ ഖാന്‍ സന്ദര്‍ശകരെ ഞെട്ടിച്ചു. എന്നാല്‍ അലിസ്റര്‍ കാംപെലും ആന്‍ഡ് ഫ്ലവറും ഉറച്ചു നിന്നു പൊരുതി.
കാംപെല്‍ 84ഉം ഫ്ലവര്‍ 72ഉം റണ്‍സ് നേടി. തുടര്‍ന്നു വന്നവര്‍ക്കാര്‍ക്കും മികച്ച സ്കോര്‍ നേടാനായില്ല. 41-ാം ഓവറില്‍ സ്കോര്‍ 200 ലെത്തിയപ്പോഴാണ് മാര്‍ലിയര്‍ ക്രീസിലെത്തിയത്. പിന്നീട് നടന്നത് ഗാഗൂലി ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്തതും. 24 പന്തുകളില്‍ നിന്നും ഒമ്പതു ഫോറും ഒരു സിക്സുമടിച്ച് മിന്നല്‍ പോലെ 56 റണ്‍സ്. ഫലം സിംബാബ്വെ ഒരു വിക്കറ്റിന് വിജയിച്ചു.
ഏറെ മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. സച്ചിനു പകരം ദിനേശ് മോംഗിയയാണ് ഗാംഗൂലിയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. എട്ടാം ഓവറില്‍ സ്കോര്‍ 46 ലെത്തിയപ്പോള്‍ 25 റണ്ണെടുത്ത മോംഗിയ പുറത്തായി. ടെസ്റിലെ പരാജയത്തിന് പ്രായശ്ചിത്തം ചെയ്യാനുറച്ച് വി.വി.എസ്. ലക്ഷ്മണ്‍ ബാറ്റു വീശി. ഗാംഗൂലി 57ഉം ലക്ഷ്മണ്‍ 75 ഉം റണ്‍ നേടി. ദ്രാവിഡ് 23 റണ്‍സെടുത്തു. അവസാനം വന്ന അഗാര്‍ക്കറുടെ വെടിക്കെട്ടാണ് ഇന്ത്യയെ 250 കടത്തിയത്. അഗാര്‍ക്കര്‍ 19 പന്തില്‍ നിന്നും 40 റണ്‍ നേടി.












Click it and Unblock the Notifications