കൊച്ചിയൊരുങ്ങുന്നു: ടിനുവിനു വേണ്ടി
കൊച്ചി : ജന്‍മ നാട്ടില്‍ ടിനു യോഹന്നാന്റെ ഏകദിന അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് മലയാളികള്‍. മാര്‍ച്ച് 16 ബുധനാഴ്ച പന്തെറിയാന്‍ ടിനുവുണ്ടെങ്കില്‍ അരങ്ങേറ്റത്തിന് ഇതിലും പറ്റിയ അന്തരീക്ഷമില്ല. ജന്മനാട്, ആര്‍ത്തു വിളിയ്ക്കുന്ന നാട്ടുകാരും ബന്ധുക്കളും. ആവേശത്തിന്റെ പരകോടിയില്‍, കഴിവു മുഴുവനും ടീമിനു നല്‍കാന്‍ ഇതിലും നല്ലൊരവസരം ഒരു കളിക്കാരനും ലഭിക്കില്ല.
പക്ഷേ, ഇതെല്ലാം പ്രതീക്ഷയാണ്. ടീമില്‍ ഇപ്പോഴുളള രണ്ടു പേസ് ബൗളര്‍മാരും ഫോമിലാണ്. ഫരീദാബാദിലെ മിന്നല്‍പിണര്‍ ബാറ്റിംഗിലൂടെ ടീമിന്റെയും കാണികളുടെയും ആവേശമായ അഗാര്‍ക്കറാണ് ടിനുവിന്റെ പ്രധാന എതിരാളി. ഒരു ആള്‍റൗണ്ടറുടെ മിന്നലാട്ടങ്ങള്‍ കാണിക്കുന്ന അഗാര്‍ക്കറെ ഒഴിവാക്കി സെലക്ടര്‍മാര്‍ ടിനുവിന് അവസരം നല്‍കുമോ? മൊഹാലിയില്‍ സ്റുവര്‍ട്ട് കാര്‍ലൈസിനെ പുറത്താക്കി നിര്‍ണയക വഴിത്തിരിവു നല്‍കിയതും അഗാര്‍ക്കറാണ്.
എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ടിനുവിന്റെ സഹയാത്രകനും ഉറ്റ സുഹൃത്തുമായ സഹീര്‍ഖാനാണ് മറ്റൊരാള്‍. മൊഹാലിയില്‍ തിളങ്ങാനായില്ലെങ്കിലും സഹീറിനെ തഴയാന്‍ ഇന്നത്തെ നിലയില്‍ ടീം അധികൃതര്‍ തയ്യാറാകില്ല. വിന്നിംഗ് കോംബിനേഷനില്‍ അഴിച്ചു പണിയാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ടിനുവിന്റെ അരങ്ങേറ്റം ഇനിയും വൈകാനാണ് സാദ്ധ്യത.
സച്ചിനും സെവാഗുമില്ലാത്തത് കാണികള്‍ക്കുണ്ടാക്കുന്ന നിരാശ ചെറുതല്ല. പര്യടനത്തില്‍ കൊച്ചി സ്റേഡിയം സ്ഥാനം പിടിച്ചത് അറിഞ്ഞപ്പോള്‍ മുതല്‍ ദുര്‍ബലമായ സിംബാബ്വെ ബൗളിംഗിനെ അപരന്മാര്‍ അടിച്ചു പറത്തുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. പരിക്ക് ഇരുവരെയും ഒരേ സമയം കൊച്ചിക്കാരില്‍ നിന്നും പറിച്ചു മാറ്റി. പകരം ദിനേശ് മോംഗിയയും ഗാംഗൂലിയും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്നത് അവര്‍ക്ക് ആശ്വാസവും ആവേശവുമാകും.
റണ്ണൊഴുകുന്ന പിച്ചാണ് കൊച്ചിയിലേത്. ഇവിടെ നടന്ന രണ്ടു മല്‍സരങ്ങളിലും 600 ലേറെ റണ്‍സ് പിറന്നു. ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഇവിടെ ഇന്ത്യയുമായി ഏറ്റുമുട്ടിയത്. രണ്ടിലും ജയം ഇന്ത്യയ്ക്കായിരുന്നു. ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ വിജയക്കളമാണ് കൊച്ചി.
വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സ്റേഡിയത്തിനകത്തും പുറത്തും ഏര്‍പ്പെടുത്തിയിട്ടുളളത്. കുഴപ്പങ്ങള്‍ തടയാന്‍ 1,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ വൈ. അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അദ്ദേഹം സുരക്ഷാ സജ്ജീകരണങ്ങള്‍ നേരില്‍ പരിശോധിച്ചു.












Click it and Unblock the Notifications