ടിനുവില്ല ; ഇന്ത്യ 191ന് പുറത്ത്
കൊച്ചി : ഗാംഗൂലിയും സംഘവും നല്‍കുന്ന ബാറ്റിംഗ് വിരുന്നുണ്ണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 191 റണ്‍സിന് പുറത്തായി. ടിനു യോഹന്നാന് അരങ്ങേറാനായില്ലെന്നത് കൊച്ചിയുടെ സ്വകാര്യ ദുഖമായി.
മൊഹാലിയിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുമെന്ന് കരുതിയ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാണ്. കഴിഞ്ഞ രണ്ടു കളിയിലും ഇന്ത്യയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തിയ സന്ദര്‍ശകര്‍ ആഞ്ഞു പിടിച്ചാല്‍ കൊച്ചിയില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി യാഥാര്‍ത്ഥ്യമാകും.
ദിനേശ് മോംഗിയ(നാല്), ഗാംഗൂലി(11), ലക്ഷ്മണ്‍(20), ദ്രാവിഡ്(ആറ്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായപ്പോള്‍ ഇന്ത്യ നാലിന് 51 എന്ന നിലയില്‍ തകര്‍ന്നു. പിന്നീട് മുഹമ്മദ് കൈഫും(56), സഞ്ജയ് ബാംഗറും(36) ചേര്‍ന്നാണ് ഇന്നിംഗ്സിന് മാന്യത നല്‍കിയത്.
ബാംഗര്‍ പുറത്തായതോടെ വാലറ്റം ചെറുത്തു നില്‍ക്കാതെ കീഴടങ്ങി. അഗാര്‍ക്കറിനും അജയ് രാത്രയ്ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. പിന്നീട് ഹര്‍ബജന്‍(28 പന്തില്‍ 24) കണ്ണും പൂട്ടി ബാറ്റു വീശിയതിനാല്‍ സ്കോര്‍ 191 വരെയെത്തി.
രണ്ടു മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളിക്കാനിറങ്ങിയത്. പരിക്കേറ്റ കുംബ്ലെയ്ക്കു പകരം ഇന്ത്യ ശരണ്‍ദീപിന് അവസരം നല്‍കി. ആന്‍ഡി ഫ്ലവറിനു പകരം സിംബാബ്വെ ഹോണ്ടയെയും പരീക്ഷിച്ചു.












Click it and Unblock the Notifications