ഇ-മെയില്‍ : ഹോട്ട്മെയില്‍ പണം ഈടാക്കും
ദില്ലി : ഹോട്ട്മെയിലിലെ ഇ-മെയില്‍ സേവനത്തിന് ഇന്ത്യയില്‍ വരിസംഖ്യ നിശ്ചയിക്കാന്‍ മൈക്രോസോഫ്റ്റ് ആലോചിക്കുന്നു. നിലവിലുളള സൗജന്യ സേവനം അവസാനിപ്പിക്കാതെയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. വരിസംഖ്യ നല്‍കുന്നവര്‍ക്ക് കൂടുതല്‍ സംഭരണ സ്ഥലം (ലളമറടഥണ ലയടഡണ) ലഭിക്കും.
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മൈക്രോസോഫ്റ്റിന്റെ മുതിര്‍ന്ന വക്താവ് വ്യക്തമാക്കി. ഏകദേശം 30 ലക്ഷം പേരാണ് ലോകമാകെ ഹോട്ട്മെയില്‍ ഉപയോഗിക്കുന്നത്. ഇത് ആകെ ഇ-മെയില്‍ വിപണിയുടെ 60 ശതമാനം വരുമെന്നാണ് ഹോട്ട്മെയില്‍ ഉടമസ്ഥരായ മൈക്രോസോഫ്റ്റിന്റെ അവകാശ വാദം.
അമേരിക്കയില്‍ തങ്ങള്‍ പരീക്ഷിച്ചു വിജയിച്ചതാണ് ഈ തന്ത്രമെന്ന് എംഎസ്എന്‍ ഏഷ്യയുടെ റീജിയണല്‍ ജനറല്‍ മാനേജര്‍ സീലിയ ചോംഗ് വൂ പറയുന്നു. അധിക വരുമാനം കണ്ടെത്താനുളള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി.
ഇന്ത്യയിലെ ടെലികോം രംഗത്തും ചുവടുറപ്പിക്കാന്‍ എംഎസ്എന്‍ ലക്ഷ്യമിടുന്നുണ്ട്. കേബിള്‍ രംഗത്തും ഈ ആഗോള ഭീമന്‍ നോട്ടമിട്ടു കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ കേബിള്‍ കമ്പനികളില്‍ ഓഹരിയെടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറാകും.
നെറ്റില്‍ നിലവിലുളള സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഹോട്ട്മെയില്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. പ്രാദേശിക ഭാഷകളില്‍ സന്ദേശമയയ്ക്കാനും സ്വീകരിക്കാനുമുളള സൗകര്യം ഇപ്പോള്‍ തന്നെ എംഎസ്എന്നിലുണ്ട്. ഇതു വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
എന്നാല്‍ നിലവിലുളള സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കളാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയുടെ സ്വഭാവം വ്യക്തമാകാത്തതാണ് കാരണം. തല്‍ക്കാലം അമേരിക്കയില്‍ ശ്രദ്ധിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യമെന്ന് അവര്‍ വിശദീകരിച്ചു.












Click it and Unblock the Notifications