ടെസ്റ്: ഇന്ത്യ തകരുന്നു
കിംഗ്സ്റണ്‍: വെസ്റിന്‍ഡീസിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ നിര്‍ണ്ണായക ടെസ്റില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക്. വെസ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സിലെ കൂറ്റന്‍ സ്കോറിനെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാംദിവസം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 141 എന്ന നിലയില്‍ പരുങ്ങുകയാണ്. 22 റണ്‍സെടുത്ത ഗാംഗുലിയും 27 റണ്‍സെടുത്ത വിവിഎസ് ലക്ഷ്മണുമാണ് ക്രീസില്‍.
ഇനി ലക്ഷ്മണിനും ഗാംഗുലിയ്ക്കും കരകയറ്റാനാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ഒരു ചെറുത്തുനില്പിന് ശ്രമിക്കും മുമ്പ് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.
കഴിഞ്ഞ ടെസ്റില്‍ നന്നായി തിളങ്ങിയ വാസിം ജാഫര്‍ പൂജ്യനായി പുറത്തുപോയി. ദ്രാവിഡിനും ചെറുത്തനില്ക്കാനായില്ല. വെറും അഞ്ചു റണ്‍സ് നേടുമ്പോഴേക്കും ദ്രാവിഡ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഓപ്പണര്‍ എസ്.എസ്. ദാസ് 33 റണ്‍സെടുത്തുനില്ക്കുമ്പോള്‍ കഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് ടെണ്ടുല്‍ക്കറും ഗാംഗുലിയും ചേര്‍ന്ന് ഒരു തിരിച്ചുവരവിന് ശ്രമിച്ചതായിരുന്നു. പക്ഷെ നിര്‍ഭാഗ്യത്തിന് 41 റണ്‍സെടുത്ത ടെണ്ടുല്‍ക്കറിന്റെ കുറ്റി സാന്‍ഫോര്‍ഡ് തെറിപ്പിച്ചു.
നേരത്തെ വെസ്റിന്‍ഡീസിന്റെ ഇന്നിംഗ്സ് 422 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റിന് 287 എന്ന നിലയില്‍ ഞായറാഴ്ച ബാറ്റിംഗ് തുടങ്ങിയ കാള്‍ഹൂപ്പറിനെയും ചന്ദര്‍പോളിനെയും കഴിഞ്ഞ ടെസ്റുകളിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. കഴിഞ്ഞ ടെസ്റുകളില്‍ ഇവര്‍ ഇരുവരും ചേര്‍ന്നുള്ള വിക്കറ്റ് കൂട്ടുകെട്ട് കൂറ്റന്‍ സ്കോറുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഇക്കുറി ശ്രീനാഥാണ് ഹൂപ്പറിനെ പറഞ്ഞയച്ചത്. കാള്‍ഹൂപ്പറിനെ ശ്രീനാഥിന്റെ പന്തില്‍ ദ്രാവിഡ് പിടിച്ച് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു ഇന്നിംഗ്സുകളില്‍ ഒരു ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ മൂന്നു സെഞ്ച്വറികള്‍ നേടിയ വെസ്റിന്‍ഡീസ് ക്യാപ്റ്റന് ആദ്യമായി കാലിടറി.
പക്ഷെ അതുകൊണ്ടൊന്നും വെസ്റിന്‍ഡീസ് ബാറ്റിംഗ് പടയുടെ വീര്യം തകര്‍ന്നില്ല. ചന്ദര്‍പോളും റിഡ്ലി ജേക്കബ്സും അര്‍ധസെഞ്ച്വറികള്‍ നേടി വെസ്റിന്‍ഡീസിനെ 422 എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചു. സെഞ്ച്വറിയടിച്ച വേവല്‍ ഹൈന്റ്സും (113) ക്രിസ് ഗെയ്ലും (55) ചേര്‍ന്ന് നേരത്തെ വെസ്റിന്റീസിന് മികച്ച തുടക്കം നല്കിയിരുന്നു. സര്‍വന്‍ 65 റണ്‍സെടുത്തു.
വെസ്റിന്‍ഡീസ് സ്റാര്‍ ബാറ്റ്സ്മാന്‍ ബ്രയന്‍ ലാറ തുടര്‍ച്ചയായി അഞ്ചാംടെസ്റിലും പരാജയമായിരുന്നു. ഒമ്പത് റണ്‍സാണ് ലാറയുടെ നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഭജന്‍ സിംഗ് അഞ്ച് വിക്കറ്റും ശ്രീനാഥും നെഹ്റയും രണ്ട്വിക്കറ്റുകള്‍ വീതവും എടുത്തു. ഹര്‍ഭജന്‍ സിംഗ് ടെസ്റില്‍ 100 വിക്കറ്റ് തികച്ചു എന്നതായിരുന്നു ഇന്ത്യയ്ക്ക് എടുത്തുപറയാവുന്ന ഏക നേട്ടം.
ജമൈക്കയില്‍ നടക്കുന്ന ഈ അഞ്ചാം ടെസ്റ് ജയിക്കുന്ന ടീം ടെസ്റ് പരമ്പര സ്വന്തമാക്കുമെന്നതിനാല്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ നാലുടെസ്റുകളില്‍ ഓരോന്നു വീതം വിജയിച്ചു നില്ക്കുകയാണ് ഇരുടീമുകളും. രണ്ടു മത്സരങ്ങള്‍ സമനിലയിലായി.












Click it and Unblock the Notifications