വിലക്ക് : ദിലീപിന് പിന്തുണയേറുന്നു
തിരുവനന്തപുരം : നടന്‍ ദിലീപിനെ അഭിനയത്തില്‍നിന്ന് വിലക്കാനുളള ഫിലിം ചേമ്പറിന്റെ നീക്കത്തിനെതിരെ എതിര്‍പ്പ് രൂക്ഷമാകുന്നു. പ്രമുഖരായ സംവിധായകരും നടീനടന്മാരും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയി.
സിനിമാ രംഗത്തെ പ്രതിസന്ധിയ്ക്കു കാരണം നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളുമാണെന്ന് പ്രമുഖ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അവരംഗീകരിച്ചില്ലെങ്കിലും ഇതു തന്നെയാണ് സത്യം. അതിമാനുഷരായി ചില താരങ്ങളെ അവതരിപ്പിച്ച് മുതലെടുക്കാന്‍ കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞതിന്റെ തിക്തഫലമാണ് മലയാള സിനിമ അനുഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമ നിശ്ചലാവസ്ഥയിലാണ്. പുതുമുഖങ്ങളോ പുതിയ സംവിധായകരോ പുതിയ ആശയങ്ങളോ ഉണ്ടാകുന്നില്ല. എന്നാല്‍ തമിഴിലും ഹിന്ദിയിലും അതല്ല സ്ഥിതി. അവിടെ പരീക്ഷണങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. അതുകൊണ്ട് ഇതുപോലൊരു പ്രതിസന്ധി അവിടെയില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആകെ ഇവിടെ നടന്ന പരീക്ഷണം ഷക്കീലയെ വച്ച് കുറേ പടം പിടിച്ചതാണ്.
ഒരു കോടിയ്ക്ക് തീരേണ്ട പടങ്ങള്‍ പലതും തീരുന്നത് നാലും അഞ്ചും കോടിയ്ക്കാണ്. ചില നടന്മാരുടെ അടിച്ചേല്‍പ്പിയ്ക്കപ്പെട്ട സൂപ്പര്‍താര പദവി നിലനിര്‍ത്താനാണ് ഈ തുക വാരിക്കോരി ചെലവാക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഈ താരങ്ങളുടെ പടങ്ങള്‍ വേണ്ട വിധം വിജയിക്കുന്നില്ല. നിര്‍മ്മാതാക്കള്‍ തന്നെ തുറന്നു വിട്ട ഭൂതം ഇന്ന് അവരെ വിഴുങ്ങാനടുക്കുകയാണെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
ജോലിയുടെ പ്രതിഫലത്തിനായി കോടതിയില്‍ പോയ ദിലീപിന്റെ നടപടിയെ ധീരമാണെന്ന് നടന്‍ മധു അഭിപ്രായപ്പെട്ടു.
സംഘടനയുടെ ബലത്തില്‍ നിര്‍മ്മാതാക്കള്‍ കാണിക്കുന്നത് റൗഡിസമാണെന്ന് നടന്‍ രാജന്‍ പി. ദേവ് പറഞ്ഞു.
നിര്‍മ്മാതാക്കളുടെ നടപടിയെ പ്രാകൃതം എന്നാണ് സംവിധായകന്‍ പി. ടി. കുഞ്ഞു മുഹമ്മദ് വിശേഷിപ്പിച്ചത്.
ദിലീപ് ചെയ്തതില്‍ ഒരു തെറ്റുമില്ലെന്ന് നടിമാരായ നിത്യാ ദാസും വാണി വിശ്വനാഥും പറഞ്ഞു.
ദിലീപിനെതിരെയുളള നിരോധനം മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രൊഫ. ബലരാമന്‍ പറഞ്ഞു.
നടന്മാരെ വെറുപ്പിച്ചും അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും തീയേറ്ററുകള്‍ നടത്തിക്കൊണ്ടു പോകാമെന്ന് കരുതുന്ന നിര്‍മ്മാതാക്കളും വിതരണക്കാരും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പേരു വെളിപ്പെടുത്താത്ത ഒരു സംവിധായകന്‍ പറഞ്ഞു.
വ്യാജ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് 70 ഓളം ചിത്രങ്ങള്‍ കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ അനാസ്ഥയും സിനിമാ പ്രതിസന്ധിയ്ക്കു കാരണമാണെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ വണ്ടിച്ചെക്കുകള്‍ നല്‍കുന്നത് സിനിമാ ലോകത്ത് സാധാരണമാണെന്നും അതിനെതിരെ കോടതിയില്‍ പോയത് ശരിയായില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ നിലപാട്.
സൂപ്പര്‍താരങ്ങളുടെ കൈയിലടക്കം വണ്ടിച്ചെക്കുകള്‍ ധാരാളമുണ്ട്. അവരൊന്നും ഇതുവരെ കോടതിയില്‍ പോയിട്ടില്ല. അതിനാല്‍ ദിലീപ് ചെയ്തത് ശരിയായില്ലെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ സംഘടനകള്‍ വഴി പരിഹരിക്കേണ്ടതാണ്. കോടതിയിലല്ല പരിഹാരം തേടേണ്ടതെന്ന് അദ്ദേഹം പറയുന്നു.
ഏതായാലും വിവാദങ്ങളും പ്രസ്താവനകളുമായി രംഗം കൊഴുക്കുകയാണ്. ദിലീപിന് ശക്തമായി പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് അമ്മ രംഗത്തുണ്ട്. ഒരിഞ്ചും വിട്ടുകൊടുക്കേണ്ടെന്നാണ് താരങ്ങളുടെ നിലപാട്. ഒട്ടേറെ നിയമപ്രശ്നങ്ങളും ഈ സംഭവം ഉയര്‍ത്തുന്നുണ്ട്.
താരങ്ങളെ പിണക്കി ചലച്ചിത്ര മേഖലയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്നാണ് വ്യവസായ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications