സച്ചിന്റെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെ?
ദില്ലി: ഓഫ് സ്പിന്നര്‍മാര്‍ സച്ചിന്റെ ദൗര്‍ബല്യമാണെന്ന് കണ്ടെത്തല്‍. 29 ടെസ്റ് സെഞ്ച്വറികളും 33 ഏകദിന സെഞ്ച്വറികളും നേടിയ സച്ചിന്റെ ഈ ദൗര്‍ബല്യം ക്രിക്കറ്റ് വൃത്തങ്ങളില്‍ സംസാരവിഷയമായിരിക്കുകയാണ്. സച്ചിന്റെ ദൗര്‍ബല്യങ്ങളെന്തൊക്കെയാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ തലനാരിഴ കീറിയുള്ള ചര്‍ച്ചകളാണ്.
ശ്രീലങ്കയുടെ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെയും പാകിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖിനും മുന്നില്‍ സച്ചിന്‍ പല തവണ അനായാസം കീഴടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ പര്യടനം നടത്തിയ വേളയില്‍ സിംബാബ്വേയുടെ അത്രയൊന്നും പ്രശസ്തനല്ലാത്ത ഇടംകൈയന്‍ ഓഫ് സ്പിന്നര്‍ റെയ്മണ്ട് പ്രൈസ് സച്ചിനെ വീഴ്ത്തിയത് മൂന്ന് തവണയാണ്. ഇതുവഴി അന്ന് മാധ്യമങ്ങളില്‍ റെയ്മണ്ട് പ്രൈസ് ഏറെ പ്രശസ്തനാവുകയും ചെയ്തു.
സച്ചിന് മറ്റ് ദൗര്‍ബല്യങ്ങളും ധാരാളമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇതിലൊന്ന് ഫീല്‍ഡര്‍മാരെ അണിനിരത്തുന്നതാണ്. സച്ചിനെതിരെ ആക്രമണോത്സുകമായി ഫീല്‍ഡര്‍മാരെ അണിനിരത്തിയാല്‍ സച്ചില്‍ പതറുമത്രെ. ഇങ്ങിനെ സച്ചിന്റെ വിക്കറ്റ് ബുദ്ധിമാന്മാരായ പല ക്യാപ്റ്റന്‍മാരും പിഴുതിട്ടുണ്ട്.
മറ്റൊന്ന് ക്രിക്കറ്റിലെ കുപ്രസിദ്ധമായ നെഗറ്റീവ് തന്ത്രങ്ങളാണ്. ഒരു കാലത്ത് ക്രിക്കറ്റില്‍ വിലക്കിയിരുന്ന നെഗറ്റീവ് തന്ത്രങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും പ്രചാരം കിട്ടിത്തുടങ്ങുകയാണ്. ഒരു പ്രത്യേക സ്ഥാനത്ത് തുടര്‍ച്ചയായി പന്തെറിഞ്ഞാല്‍ സച്ചിന്‍ അസ്വസ്ഥനാകും. പിന്നെ അതിവേഗം സച്ചിന്റെ വിക്കറ്റെടുക്കാമെന്ന് പറയുന്നു.
ഈയിടെ ബാംഗ്ലൂരില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റില്‍ ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ലി ഗൈല്‍സ് സച്ചിനെതിരെ ഈ വൃത്തികെട്ട അടവ് പയറ്റിയിരുന്നു. ക്യാപ്റ്റന്‍ നാസര്‍ ഹൂസൈന്റെ ഉപദേശപ്രകാരമാണ് ആഷ്ലി ഗൈല്‍സ് ഇങ്ങിനെ ചെയ്തത്. വിക്കറ്റിന്റെ വലതുവശത്തുകൂടെ(ഓവര്‍ ദി വിക്കറ്റ്) എറിയുന്ന പന്ത് കൃത്യമായി ലെഗ് സ്റമ്പിന്റെ തൊട്ടുപുറത്തെ ലൈനില്‍ എറിയുകയായിരുന്നു ആഷ്ലി ഗൈല്‍സ് ചെയ്തത്. കുറെ പന്തുകള്‍ ഇങ്ങിനെ ഒരേ സ്ഥാനത്തെറിഞ്ഞപ്പോള്‍ സച്ചിന്‍ അസ്വസ്ഥനായി. റണ്ണെടുക്കാനുള്ള വ്യഗ്രതയില്‍ കയറിക്കളിച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി സച്ചിനെ വിക്കറ്റ് കീപ്പര്‍ സ്റമ്പ് ചെയ്യുകയായിരുന്നു.
ജൂലായ് 23 ചൊവാഴ്ച ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ടെസ്റ് പോരിനിറങ്ങുകയാണ്. ഇതില്‍ സച്ചിന്റെ ദൗര്‍ബല്യങ്ങള്‍ ഇംഗ്ലണ്ട് എങ്ങിനെ മുതലാക്കുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.












Click it and Unblock the Notifications