ആ താരം കപില്‍ ദേവ്
ലണ്ടന്‍ : പോയ നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം കപില്‍ദേവാണെന്ന് വിസ്ഡന്‍ മാസിക.
മുന്‍ ക്രിക്കറ്റ് താരങ്ങളും പത്രപ്രവര്‍ത്തകരും ചിന്തകരും അടങ്ങുന്ന 35 അംഗ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
ജനപ്രിയ ക്രിക്കറ്റര്‍ക്കുളള അവാര്‍ഡ് സചിന്‍ തെണ്ടുല്‍ക്കര്‍ നേടി.
നൂറ്റാണ്ടിലെ മികച്ച ടീമായി 1985ല്‍ ആസ്ട്രേലിയയില്‍ നടന്ന ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച ടീമിനെ തിരഞ്ഞെടുത്തു. സുനില്‍ ഗവാസ്കറായിരുന്നു ക്യാപ്റ്റന്‍.
മികച്ച ബാറ്റിംഗ് പ്രകടനത്തിന് കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയ്ക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 281 റണ്‍സ് അടിച്ചു കൂട്ടിയ വി. വി. എസ്. ലക്ഷ്മണെ തിരഞ്ഞെടുത്തു.
ഭഗവത് ചന്ദ്രശേഖറിനാണ് മികച്ച ബൗളിംഗ് പ്രകടനത്തിനുളള പുരസ്ക്കാരം.(6-38, ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരെ, 1971).
മികച്ച സ്പോര്‍ട്ട്മാന്‍ സ്പിരിട്ടിനുളള പുരസ്ക്കാരം ഗുണ്ടപ്പ വിശ്വനാഥിനാണ്. മൂംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ് മത്സരത്തില്‍ അമ്പയര്‍ ഔട്ടായെന്ന് വിധിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബോബ് ടെയ്ലറെ അന്ന് ക്യാപ്റ്റനായിരുന്ന വിശ്വനാഥ് തിരിച്ചു വിളിച്ച് ബാറ്റിംഗ് തുടരാന്‍ അനുവദിച്ചു. സെഞ്ച്വറി നേടിയ ടെയ്ലര്‍ ഇയാന്‍ ബോതത്തിനൊപ്പം ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയും ചെയ്തു.
ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിയ്ക്കുന്നതായിരുന്നു അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്. ക്രിക്കറ്റിലെ ബൈബിള്‍ എന്ന് കരുതപ്പെടുന്ന മാസികയാണ് വിസ്ഡന്‍. 1000 പൗണ്ട് (ഏകദേശം 69,000 രൂപ) മുടക്കി വന്‍ ജനക്കൂട്ടമാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനെത്തിയത്.
യോര്‍ക്ക് ഷെയര്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് നിക്കോളാസും മുന്‍ ലോക സുന്ദരി ഡയാനാ ഹെയ്ഡനും കോമ്പയര്‍മാരായിരുന്നു.
പോയ തലമുറയിലെയും പ്രഗത്ഭര്‍ക്കൊപ്പം ഇപ്പോഴത്തെ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗൂലി ആദ്യാവസാനം സദസിലുണ്ടായിരുന്നു. സയിദ് മുഷ്താഖ് അലി, പട്ടോഡി, അജിത് വഡേക്കര്‍, ഗവാസ്ക്കര്‍, കപില്‍ ദേവ്, വെഗ്സര്‍ക്കാര്‍, ഗുണ്ടപ്പ വിശ്വനാഥ്, ഏകനാത് സോള്‍ക്കര്‍, ഫാറൂഖ് എഞ്ചിനീയര്‍, എസ് വെങ്കിട്ടരാഘവന്‍, അശോക് മങ്കാദ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമെ ക്ലൈവ് ലോയിഡ്, വിവ് റിച്ചാര്‍ഡ്സ്, ആന്‍ഡി ഫ്ലവര്‍, നാസര്‍ ഹുസൈന്‍, സഖ്ലൈന്‍ മുഷ്താഖ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications