• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രക്ഷപ്പെട്ടു.... ജനവിരുദ്ധര്‍ പാഠം പഠിച്ചു

  • By Staff

അങ്ങനെ പൊതുപണിമുടക്ക് വന്‍വിജയമായി. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷം കണ്ട് ആന്റണിയും പരിവാരങ്ങളും ഞെട്ടിത്തരിച്ചിരിക്കുന്നു. ഇനി കുറേ നാളത്തേയ്ക്ക് ഇവര്‍ ഒരു ജനവിരുദ്ധ നടപടിയും കൈക്കൊളളില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ ആശ്വസിയ്ക്കാം.

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും അക്ഷരാര്‍ത്ഥത്തില്‍ പണിമുടക്ക് സ്തംഭിപ്പിച്ചു കളഞ്ഞു. ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഓഫീസിലെത്തിയില്ല. അപൂര്‍വം ചില പിന്തിരിപ്പന്‍ കരിങ്കാലി മൂരാച്ചികള്‍ വന്നെങ്കിലും അവര്‍ക്ക് കൊടുക്കേണ്ടത് കൊടുത്ത് മനുഷ്യസ്നേഹികള്‍ വീട്ടില്‍ പറഞ്ഞയച്ചു.(അല്ലെങ്കിലും ഏതു നല്ല കുടുംബത്തിലും കാണുമല്ലോ, കണ്ണുപറ്റാതെ കാക്കാന്‍ ചില കരിങ്കോലങ്ങള്‍).

ആന്റണിയോടും പരിവാരത്തോടുമുളള അടങ്ങാത്ത വൈരാഗ്യം മനസിലുളള ഒറ്റ വാഹനമുടമയും വാഹനം നിരത്തിലിറക്കിയില്ല. ഇറക്കിയവന്മാരൊക്കെ അനുഭവിയ്ക്കുകയും ചെയ്തു. മെക്കാനിക്കുമാരായ സിഐടിയുക്കാര്‍ക്ക് വരുംദിനങ്ങളില്‍ പണി വേണ്ടേ. ഓണമല്ലേ വരുന്നത്. ചെറിയ കല്ലേറ്, ഒന്ന് രണ്ട് അടിച്ചു തകര്‍ക്കല്‍. ഇത്രയും ഇല്ലെങ്കില്‍ പിന്നെന്തോന്ന് പണിമുടക്ക്.

യുഡിഎഫിനോടുളള വെറുപ്പിന്റെ തീക്കനല്‍ മനസില്‍ കിടന്നു തിളയ്ക്കുന്ന ഒരു കച്ചവടക്കാരനും കട തുറന്നിട്ടില്ല. തുറന്നവനൊക്കെ ചില കാര്യങ്ങള്‍ മനസിലാവുകയും ചെയ്തു. പാല്‍, പത്രവിതരണം, മെഡിക്കല്‍ രംഗം എന്നിവയെ അവശ്യ സര്‍വീസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും തൃശൂരില്‍ പാലും കൊണ്ടു പോയ ഒരു പിന്തിരിപ്പനെ കൈകാര്യം ചെയ്യുന്നതില്‍ തൊഴിലാളി സഖാക്കള്‍ വീഴ്ച വരുത്തിയില്ല. അങ്ങനെ സമ്പൂര്‍ണമായി പണിമുടക്ക് വിജയിച്ചു.

കേരളത്തില്‍ സി ഐ ടി യു സഖാക്കളും പരിവാരങ്ങളും കൊണ്ടുപിടിച്ചുനടത്തിയ വെറും പണിമുടക്ക് കണ്ട് പേടിച്ചു വിറച്ച കേന്ദ്ര കേരള സര്‍ക്കാരുകള്‍ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കുമെന്ന് അവര്‍ക്ക് ഉറപ്പായി. സാധാരണ ഗതിയില്‍ 24 മണിക്കുറിനകം സര്‍ക്കാരുകള്‍ മുട്ടു മടക്കേണ്ടതാണ്. മുട്ടു മടക്കിയില്ലെങ്കില്‍ മുണ്ടെങ്കിലും മടക്കും.

വിനോദസഞ്ചാരികളും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തിയവര്‍ വാഹനവും കുടിവെളളവും കിട്ടാതെ വലഞ്ഞെന്ന് ചില ബൂര്‍ഷ്വാ കുത്തക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര വിവരമില്ലാത്തതു കൊണ്ടാണ്. യാത്ര ഒഴിവാക്കി പണിമുടക്കിനോട് സഹകരിക്കണമെന്ന് അത് പ്രഖ്യാപിച്ച കാലത്തു തന്നെ പറഞ്ഞിരുന്നതാണ്. കേള്‍ക്കാതെ യാത്രയ്ക്കിറങ്ങിയവര്‍ സര്‍ക്കാരിന്റെ ഏജന്റുകളും പിന്തിരിപ്പന്‍ മൂരാച്ചികളും സാമ്രാജ്യത്ത്വ വാദികളും മാത്രമാണ്.

പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് കുടിവെളളവും നല്‍കി ഓട്ടോ പിടിച്ച് വീട്ടിലെത്തിയ്ക്കാന്‍ നാട്ടില്‍ സോഷ്യലിസം നിലവില്‍ വന്നില്ലെന്ന് ഇവര്‍ക്ക് അറിയില്ലെന്നുണ്ടോ. അതു വരുത്താനായി കുറേപ്പേര്‍ പാടുപെടുന്നത് കാണാന്‍ ഇവര്‍ക്ക് കണ്ണില്ലേ? ജന്മി മൂരാച്ചി കുത്തക ഭൂപ്രഭു സാമ്രാജ്യത്വ ഫാസിസ്റ് ഭീകരര്‍. അനുഭവിക്കട്ടെ..

ചുരുക്കം പറഞ്ഞാല്‍ ജനത്തിന് നല്ല കോളാണ്. ഉയിരില്‍ പേടിയുളള ജനം വീടിനു പുറത്തിറങ്ങാത്തതും ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നവര്‍ വാഹനം വെളിയിലിറക്കാത്തതും അഷ്ടിയ്ക്കുളള വക തേടി മിഠായികള്‍ നിറച്ചിരിക്കുന്ന കണ്ണാടിഭരണികള്‍ അടിച്ചു തകര്‍ക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന കച്ചവടക്കാര്‍ കടതുറക്കാത്തതും സര്‍ക്കാരിനോടുളള വിരോധം കൊണ്ടാണെന്ന് പ്രത്യയശാസ്ത്രപരമായി വിലയിരുത്തുന്ന കുറേ നേതാക്കള്‍ അവര്‍ക്കുണ്ടല്ലോ.

ബന്ദും ഹര്‍ത്താലുമൊക്കെ നിരോധിച്ചെന്നാണ് വെപ്പ്. എന്നാലെന്താ പണിമുടക്ക് നിരോധിച്ചിട്ടില്ലല്ലോ. പണിയുന്നവന് മുടക്കാനുളള അവകാശം ജന്മസിദ്ധമാണെന്നാണ് വെപ്പ്. പണിയില്ലാത്തവന് പണിമുടക്കാനാവില്ല. ഏത് പേരിട്ട് വിളിച്ചാലും ജനജീവിതം ഒന്നു സ്തംഭിച്ചു കിട്ടിയാല്‍ മതി. എറിഞ്ഞു തകര്‍ക്കപ്പെടുന്ന വാഹനങ്ങളുടെ കണക്കും അടിച്ചു തകര്‍ത്ത കടകളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വഴിയാത്രക്കാരുടെ എണ്ണവുമാണ് പണിമുടക്കിന്റെ വിജയത്തിലെ രസനിരപ്പുയര്‍ത്തുന്നത്.

ഇനി നാട്ടില്‍ ഒരു പൊതു മേഖലാ സ്ഥാപനവും വില്‍ക്കുകയില്ല. വൈദ്യുതി ചാര്‍ജ് ഉയര്‍ത്തുന്ന കാര്യം കടവൂരാന്‍ ചിന്തിക്കുക പോലുമില്ല. തൊഴില്‍ നയം ബാബു ദിവാകരന്‍ വലിച്ചു കീറി പാര്‍വതീ പുത്തനാറിലെറിയും. ഓട്ടോ കിട്ടാതെ അലഞ്ഞെങ്കിലെന്ത്? കുടിവെളളം കിട്ടാതെ വലഞ്ഞെങ്കിലെന്ത്? നേടിയില്ലേ. അഭിമാനിക്കുകയല്ലേ വേണ്ടത്?

പണിമുടക്ക് ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് സഖാവ് പി. കെ. ഗുരുജി വേറിട്ട ചാനലിലൂടെ അറിയിച്ചത്. നല്ല പ്രയോഗമാണത്. പണിമുടക്ക് ജനങ്ങള്‍ ഏറ്റെടുക്കുക. ഒരു പണിയും ഏറ്റെടുക്കാന്‍ അറിയാത്തവര്‍ മുടക്ക് ഏറ്റെടുക്കാനെങ്കിലും തയ്യാറായതില്‍ സന്തോഷിക്കാം. എന്തെങ്കിലും ചെയ്യേണ്ടേ. അല്ലെങ്കില്‍ ഇരുന്ന് പിത്തം വരില്ലേ. ഓരോരുത്തരെക്കൊണ്ട് ഒക്കുന്നത് അവര്‍ ചെയ്യുന്നു.

ആഴ്ചയോടാഴ്ച ഇതു പോലൊന്ന് സംഘടിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തയ്യാറാകണം. സംസ്ഥാനത്തെ രക്ഷിക്കാന്‍ ഇതുപോലൊരു വഴിയില്ല. ആണിക്കല്ലും അടിത്തറയും ഇളകിക്കിടക്കുന്ന സമ്പദ് ഘടന രണ്ടു പണിമുടക്ക് കഴിഞ്ഞാല്‍ തല നിവര്‍ന്നു നില്‍ക്കും. കാര്‍ഷിക മേഖലയും വ്യാപാരമേഖലയും ഓരോ പണിമുടക്കു കഴിയുമ്പോഴും വച്ചടി വച്ചടി കയറി വരും. ഡയസ്നോണ്‍ വഴി സര്‍ക്കാര്‍ ലാഭിക്കുന്ന കാശ് വേറെ. ഓടി ലാഭമുണ്ടാക്കാന്‍ കഴിയാത്ത കെഎസ്ആര്‍ടിസി ഓടാതിരുന്നാല്‍ ഡീസല്‍ ചാര്‍ജെങ്കിലും ലാഭിക്കാം. വാഹനങ്ങള്‍ ഓടാത്തതിനാല്‍ വാഹനാപകടമില്ല. ആ വകയില്‍ ഏതാനും മനുഷ്യജീവന്‍ ലാഭം.

ചുരുക്കം പറഞ്ഞാല്‍ എല്ലാവര്‍ക്കും ലാഭമുണ്ടാകുന്ന ഏര്‍പ്പാടാണ് പൊതുപണിമുടക്ക്. സര്‍ക്കാരിനും ലാഭം. പ്രതിപക്ഷത്തിനും ലാഭം. പണിമുടക്കുകള്‍ വിജയിക്കട്ടെ. വിജയിച്ചു കൊണ്ടിരിക്കട്ടെ.

നിങ്ങളുടെ അഭിപ്രായം എഴുതൂ

ke]oOaV m

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more