ഇന്ത്യയ്ക്ക് ഉജ്വല വിജയം
ഹെഡിംഗ്ലീ : വിവാദങ്ങള്‍ തങ്ങളെ തെല്ലും ബാധിച്ചില്ലെന്ന ഉറച്ച പ്രഖ്യാപനം പോലെ സൗരവ് ഗാംഗൂലിയും കുട്ടികളും അത് നേടി. നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ ഒരു ടെസ്റ് ജയം. മൂന്നാം ടെസ്റില്‍ ഇംഗ്ലണ്ടിനെ ഒരിന്നിംഗ്സിനും 46 റണ്‍സിനും പരാജയപ്പെടുത്തി പരമ്പര സമനിലയിലാക്കി. അത്യുജ്ജ്വലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ടെസ്റ് വിജയം.
അനില്‍ കുംബ്ലെ എറിഞ്ഞ പന്ത് ആന്‍ഡ്രൂ കാഡിക്കിന്റെ ബാറ്റിലുരസി ഉയര്‍ന്ന നിമിഷം അത് പറന്നെടുത്ത് നായകന്‍ ഗാംഗൂലി തന്നെ ഇംഗ്ലണ്ടിന്റെ അവസാന ചെറുത്തു നില്‍പ്പിന് വിരാമമിട്ടു. 1986ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഹെഡിംഗ്ലിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ശേഷമുളള ആദ്യ വിജയം. ഇന്ത്യയുടെ ഭാഗ്യ വേദിയാണ് ഹെഡിംഗ്ലി എന്ന വിശേഷണം അന്വര്‍ത്ഥമാക്കിയ വിജയം.
നാസര്‍ ഹുസൈന്‍ നേടിയ സെഞ്ച്വറിയും ഇരു ഇന്നിംഗ്സിലും അലക്സ് സ്റുവര്‍ട്ട് നടത്തിയ ചെറുത്തു നില്‍പ്പുമൊഴിച്ചാല്‍ ഇംഗ്ലണ്ടിന് നിരാശ മാത്രം നല്‍കുന്നതായി ഈ ടെസ്റ്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറി ഇന്ത്യയ്ക്ക് ഇനി അവസാന ടെസ്റിന് ഓവലിലേയ്ക്ക് വണ്ടി കയറാം.
നാലു വിക്കറ്റിന് 239 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിവസം കളിയാരംഭിച്ച ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനാണ് ആദ്യം പുറത്തായത്. 110 റണ്‍സെടുത്ത ഹുസൈന്‍ കുംബ്ലെയുടെ പന്തില്‍ വീരേന്ദ്ര സെവാഗിന്റെ ഉഗ്രന്‍ ക്യാച്ചില്‍ പുറത്തായി. 194 പന്തുകളില്‍ നിന്നും 17 ഫോറുകളും ഒരു സിക്സുമടിച്ചാണ് ഹുസൈന്‍ 110 റണ്‍സ് നേടിയത്.
47 റണ്‍സെടുത്ത അലക്സ് സ്റുവര്‍ട്ടും 21 റണ്‍സെടുത്ത അലക്സ് ട്യൂഡറുമാണ് പിന്നീട് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ പുറത്തായ ആന്‍ഡ്രൂ ഫ്ലിന്റോഫ് രണ്ടാം ഇന്നിംഗ്സില്‍ രണ്ടാം പന്തില്‍ പുറത്തായി.
അനില്‍ കുംബ്ലെ നാലും സഞ്ജയ് ബാംഗര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സഹീര്‍ ഖാന്‍, അഗാര്‍ക്കര്‍, ഹര്‍ബജന്‍ എന്നിവര്‍ ഓരോ വിക്കറ്റും.
രാഹുല്‍ ദ്രാവിഡാണ് മാന്‍ ഓഫ് ദി മാച്ച്.












Click it and Unblock the Notifications