ഓണമാഘോഷിച്ചത് മദ്യം കൊണ്ട്
തിരുവനന്തപുരം: മലയാളികളുടെ ഇക്കുറിയിലെ ഓണാഘോഷം പൊടിപൊടിച്ചത് മദ്യം കൊണ്ടാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 18 കൊല്ലക്കാലത്തിനിടയില്‍ ഈ ഓണക്കാലം മദ്യവില്പനയില്‍ റെക്കോഡിട്ടു.
ഓണക്കാലത്തെ ഒരു മാസത്തില്‍ മാത്രം 9.5 ലക്ഷം കെയ്സ് വിദേശമദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിഞ്ഞത്. ബിവറേജസ് കോര്‍പ്പറേഷന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു മാസത്തെ വില്പന കണക്കിലെടുത്താല്‍ റെക്കോഡ് വില്പനയാണിത്.
ഒരു കെയ്സില്‍ 12 മദ്യക്കുപ്പികളാണുണ്ടാവുക. ഈ പന്ത്രണ്ട് കുപ്പികളിലായി ആകെ ഒമ്പത് ലിറ്റര്‍ മദ്യമുണ്ടെന്ന് കണക്കാക്കിയാല്‍ ഓണക്കാലത്തെ ആഗസ്ത് മാസത്തില്‍ മാത്രം മലയാളികള്‍ കുടിച്ചുതീര്‍ത്ത് 85.5 ലക്ഷം ലിറ്റര്‍ മദ്യമാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കേണ്ടിവരുന്ന ശമ്പളത്തിന്റെ പകുതിയും ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്ന് നല്കാമെന്നതാണ് സ്ഥിതി. ജൂലായില്‍ മാത്രം സര്‍ക്കാരിന് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ചത് 120 കോടിയാണ്. ആഗസ്തിലെ കണക്കെടുത്താല്‍ ഇത് 150 കോടിയെങ്കിലുമായി ഉയരും. എക്സൈസ് ഡ്യൂട്ടി, വില്പനനികുതി, സര്‍ച്ചാര്‍ജ്ജ്, കിസ്ത് എന്നീ വകുപ്പുകളിലായാണ് ഈ വരുമാനം. എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളാണ് മദ്യവില്പനയില്‍ മുന്നില്‍.
ഓണക്കാലത്ത് കരുനാഗപ്പള്ളിയിലെ ഒരു ഷാപ്പിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ആഗസ്ത് 19 മുതല്‍ 22 വരെയെടുത്താല്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞത് 44 ലക്ഷം രൂപയുടെ മദ്യം.












Click it and Unblock the Notifications