കേരളത്തില്‍ ഹര്‍ത്താല്‍ ബന്ദായി
തിരുവനന്തപുരം: ഗാന്ധിനഗര്‍ അക്ഷര്‍ ധാം ക്ഷേത്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തും ശിവസേനയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തില്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. ഹര്‍ത്താല്‍ ബന്ദായി മാറുകയാണ് ഉണ്ടായത്.
എന്നാല്‍ എങ്ങും അക്രമസംഭവങ്ങള്‍ ഒന്നും തന്നെ ഉച്ചവരെ ഉണ്ടായിട്ടില്ല. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അക്ഷര്‍ധാം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
അങ്ങിങ്ങ് ഉണ്ടായ കല്ലേറ് ഒഴിച്ചാല്‍ പൊതുവേ ഹര്‍ത്താല്‍ കേരളത്തില്‍ സമാധാനപരമാണ്. തിരുവനന്തപരത്തിന് സമീപം നെയ്യാറ്റിന്‍കരയില്‍ ബുധനാഴ്ച രാത്രി രണ്ട് കാറുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
മാതാ അമൃതാനന്ദമയിയടെ ജന്മദിനാഘോഷം നടക്കുന്നതുകൊണ്ട് കൊല്ലം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് കൊല്ലം ജില്ലയിലേയ്ക്ക് അമൃതാനന്ദമയിയുടെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വാഹനങ്ങളെ തടയരുതെന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിയ്ക്കുന്നില്ല. ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവാണ്.
പ്രധാന കേന്ദ്രങ്ങളില്‍ ഒന്നും തന്നെ കടകള്‍ തുറന്നിട്ടില്ല. അപൂര്‍വം ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നില്ല. വിമാനത്തിലും തീവണ്ടിയിലും കേരളത്തില്‍ എത്തിയവര്‍ വീടുകളിലും ഹോട്ടലുകളിലും എത്താന്‍ വിഷമിയ്ക്കുകയാണ്.
ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതിരിയ്ക്കാനായി പൊലീസ് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ചില സ്ഥലങ്ങളില്‍ മുന്‍കരുതലെന്ന നിലയില്‍ പൊലീസ് ആര്‍ എസ് എസ്, വി എച്ച് പി പ്രവര്‍ത്തകരെ അറസ്റ് ചെയ്തു. പ്രധാനപ്പെട്ട എല്ലാ ആരാധനാലയങ്ങള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ബന്ദിനാണ് ആഹ്വാനം ചെയ്തതെങ്കിലും കേരളത്തില്‍ ബന്ദ് നിരോധിച്ചിട്ടുള്ളതുകൊണ്ട് ഹര്‍ത്താലിനാണ് സംസ്ഥാന ഘടകം ആഹ്വാനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ബന്ദ് നടത്തുകയാണ് എല്ലാ സംഘടനകളുടേയും പദ്ധതി. ഇതുതന്നെയാണ് സെപ്തംബര്‍ 26നും ഉണ്ടായത്.












Click it and Unblock the Notifications