മഴ: ചാമ്പ്യന്‍സ് ട്രോഫി പങ്കിട്ടു
കൊളംബോ: മഴ വീണ്ടും കളിതടസ്സപ്പെടുത്തിയപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയും ശ്രീലങ്കയും പങ്കുവച്ചു.
സപ്തംബര്‍ 29 ഞായറാഴ്ച ഫൈനല്‍ മത്സരം മഴയില്‍ കുതിര്‍ന്നപ്പോള്‍ തിങ്കളാഴ്ച ഫൈനല്‍ വീണ്ടും കളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രണ്ടാം ഫൈനലിലും മഴ വില്ലനായപ്പോഴാണ് കപ്പ് പങ്ക് വയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഏഴുവിക്കറ്റിന് 222 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 8.4 ഓവര്‍ ബാറ്റ് ചെയ്യാനേ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും മഴ കളിമുടക്കി. ഇന്ത്യയുടെ അപ്പോഴത്തെ സ്കോര്‍ ഒരു വിക്കറ്റിന് 38 എന്നതായിരുന്നു. 22 റണ്‍സെടുത്ത സെവാഗും ഏഴ് റണ്‍സെടുത്ത സച്ചിനും ബാറ്റ് ചെയ്യുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ദിനേശ് മോംഗിയ പുറത്തായി.
ആദ്യം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ നായകന്‍ ജയസൂര്യയെ നഷ്ടമായി. സഹീര്‍ഖാനാണ് ജയസൂര്യയുടെ വിക്കറ്റ് തെറിപ്പിച്ചത്. ഈ നടുക്കത്തില്‍ നിന്ന് കരകയറുംമുമ്പ് അഗാര്‍ക്കറുടെ പന്തില്‍ 24 റണ്‍സെടുത്ത അട്ടപ്പട്ടു പുറത്തായി. പിന്നീട് വന്ന സങ്കക്കാരയും 26 റണ്‍സെടുത്ത് നില്ക്കെ പുറത്തായി.
തുടര്‍ന്ന് എത്തിയ അരവിന്ദ ഡിസില്‍വയും കാര്യമായി ഒരു തുടക്കമിടുംമുമ്പേ കുംബ്ലെയുടെ പന്തില്‍ കൈഫിന് ക്യാച്ച് നല്കി. നാല് വിക്കറ്റിന് 71 എന്ന നിലയില്‍ നിന്നും ശ്രീലങ്കയെ കരകയറ്റിയത് ആര്‍നോള്‍ഡും ജയവര്‍ധനയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 101 പന്തില്‍നിന്ന് 56 റണ്‍സെടുത്ത ആര്‍നോള്‍ഡ് പുറത്താകാതെ നിന്നു. 77 റണ്‍സ് നേടിയ ശേഷം ജയവര്‍ധനെ പുറത്തായി.












Click it and Unblock the Notifications