വെസ്റിന്‍ഡീസ് തകരുന്നു
മുംബൈ: ഇന്ത്യയുടെ 457 എന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് ബാറ്റിംഗ് നിര തകരുന്നു. ഇപ്പോള്‍ 145 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് മൂന്നാംദിവസം ബാറ്റിംഗ് തുടരുന്ന വെസ്റിന്‍ഡീസ് ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കണമെങ്കില്‍ വെസ്റിന്‍ഡീസിന് ഇനിയും 113 റണ്‍സെടുക്കണം.
ആദ്യ ടെസ്റ് കൈപ്പിടിയിലൊതുക്കാനുള്ള ശക്തമായ ആക്രമണമാണ് ഇന്ത്യ അഴിച്ചുവിടുന്നത്. ജവഗല്‍ ശ്രീനാഥും അനില്‍ കുംബ്ലെയും സഹീര്‍ ഖാനുമടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്ക്കാനാവാതെ വിന്‍ഡീസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
രണ്ടാം ദിവസമായ വ്യാഴാഴ്ച തന്നെ വിന്‍ഡീസിന്റെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ച കളി തുടങ്ങിയതു മുതലേ ജവഗല്‍ ശ്രീനാഥും കുംബ്ലെയും സഹീര്‍ഖാനും ചേര്‍ന്ന് വിന്‍ഡീസിനെ വെള്ളം കുടിപ്പിച്ചു. വെള്ളിയാഴ്ച സഹീര്‍ ഖാന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ കാള്‍ ഹൂപ്പറിന്റേതുള്‍പ്പെടെ മൂന്ന് വിക്കറ്റും ശ്രീനാഥ് ഒരു വിക്കറ്റും കുംബ്ലെ രണ്ട് വിക്കറ്റും വീഴ്ത്തി.
തന്റെ 100ാം ടെസ്റിനിറങ്ങിയ കാള്‍ ഹൂപ്പറിന് നിരാശപ്പെടേണ്ടി വന്നു. വെറും 23 റണ്‍സിന് സഹീര്‍ ഖാനാണ് കാള്‍ ഹൂപ്പറിന്റെ 100ാം ടെസ്റില്‍ സെഞ്ച്വറിയെന്ന മോഹം തകര്‍ത്തത്.


Click it and Unblock the Notifications