ഇന്ത്യയ്ക്ക് മൂന്ന്വിക്കറ്റ് വിജയം
ജോധ്പൂര്‍: വെസ്റിന്‍ഡീസിനെതിരെ ആറാം ഏകദിനത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് വിജയിച്ചു. 202 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3.4 ഓവര്‍ ബാക്കിനില്ക്കെ വിജയം സ്വന്തമാക്കി.
കളിയില്‍ അവസാന നിമിഷം വരെ പൊരുതിയ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് 58 റണ്‍സ് നേടി. ദ്രാവിഡിനൊപ്പം പൊരുതി 54 റണ്‍സ് നേടിയ യുവരാജ് സിംഗും ഇന്ത്യയുടെ വിജയത്തിന് നിര്‍ണ്ണായകപങ്ക് വഹിച്ചു. പക്ഷെ മൂന്നുവിക്കറ്റും പുറത്താവാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത അജിത് അഗാര്‍ക്കറാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദ്രാവിഡ് വെസ്റിന്‍ഡീസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. 46.3 ഓവര്‍ പിന്നിടുമ്പോഴേക്കും 201 റണ്‍സിന് വെസ്റിന്‍ഡീസിന്റെ ഏല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി.
പരിക്കുമൂലം വിശ്രമിക്കുന്ന ഗാംഗുലിക്ക് പകരം ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ രാഹുല്‍ ദ്രാവിഡ് വെസ്റിന്‍ഡീസിനെ ബാറ്റു ചെയ്യാന്‍ അയക്കുക വഴി തന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. കഴിഞ്ഞ കളികളിലെല്ലാം നന്നായി തിളങ്ങിയ വെസ്റിന്‍ഡീസ് ബാറ്റിംഗ് നിര തകരുകയായിരുന്നു. 58 റണ്‍സെടുത്ത ശിവ്നാരായണ്‍ ചന്ദര്‍പോളും 38 റണ്‍സ് നേടിയ കാള്‍ ഹൂപ്പറുമാണ് അല്പമെങ്കിലും തിളങ്ങിയത്.
ആദ്യ സ്പെല്ലില്‍ പന്തെറിഞ്ഞ ശ്രീനാഥും അഗാര്‍ക്കറും വെസ്റിന്‍ഡീസിനെ നല്ല തുടക്കമിടുന്നതില്‍ നിന്നും ഫലപ്രദമായി തടഞ്ഞു. തുടര്‍ന്ന് വന്ന മുരളീ കാര്‍ത്തിക് ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് നേടി വെസ്റിന്‍ഡീസിനെ വിറപ്പിച്ചു. സ്പിന്‍ നിരയില്‍ മറ്റൊരു താരോദയം വിളിച്ചറിയിക്കുകയായിരുന്നു ഇടംകയ്യന്‍ സ്പിന്നറായ മുരളി കാര്‍ത്തിക്.
കഴിഞ്ഞ ഏകദിനങ്ങളില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യയുടെ പേടിസ്വപ്നമായ ക്രിസ് ഗെയ്ല്‍സിനെ 27 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞതായിരുന്നു ഇന്ത്യയുടെ നേട്ടം. ഗെയ്ല്‍സിന്റെ വിക്കറ്റ് മുരളീ കാര്‍ത്തിക്കാണ് നേടിയത്. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയെ നേരിടുകയാണ്.
തുടക്കത്തില്‍ വിക്കറ്റുകള്‍ അതിവേഗം വലിച്ചെറിഞ്ഞ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ രാഹുല്‍ ദ്രാവിഡും യുവരാജ്സിംഗും സഞ്ജയ് ബംഗാറും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ ഈ വിജയം ഇന്ത്യന്‍ ക്രിക്കറ്റിലെ യുവനിരയുടെ പ്രാഗത്ഭ്യത്തിനുള്ള തെളിവായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആറ് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ പരമ്പര 3-3 സമനിലയിലാണ്. ഇനി നിര്‍ണ്ണായകമായ ഒരു ഏകദിനം കൂടി ബാക്കിയുണ്ട്. അതില്‍ വിജയിക്കുന്ന ടീം ഏകദിന പരമ്പര സ്വന്തമാക്കും.












Click it and Unblock the Notifications