ആവേശഭരിതമായ അന്ത്യം; ഇന്ത്യയ്ക്ക് ജയം
ഓക്ക്ലാന്റ്: ജയം മുന്നിലെത്തി നില്‍ക്കെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഓരോരുത്തരായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ആകാംക്ഷാഭരിതമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ജയം.
ജയിക്കാന്‍ 200 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വീരേന്ദ്ര ഷെവാഗിന്റെ ഉജ്വല സെഞ്ച്വറിയോടെയാണ് വിജയത്തിലേക്ക് കുതിച്ചത്. ജയിക്കാന്‍ 18 റണ്‍സ് മാത്രം ശേഷിക്കെ ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമായ നിലയിലായിരുന്നു. 182ല്‍ നില്‍ക്കെ ഷെവാഗ് പുറത്തായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിഞ്ഞു. യുവരാജ് സിംഗും കെയ്ഫും ബംഗാറും അജിത് അഗാര്‍ക്കറും സഹീര്‍ഖാനും തുടര്‍ച്ചയായി പവലിനിയലിലേക്ക് മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഒരു പന്ത് മാത്രം ശേഷിക്കെ ആശിഷ നെഹ്റ നേടിയ ബൗണ്ടറിയാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്.
139 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ ഷെവാഗ് ഉജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഷെവാഗ് നേടുന്നത്. ഷെവാഗ് മാത്രമേ ഈ പരമ്പരയില്‍ സെഞ്ച്വറിയടിച്ചിട്ടുള്ളൂ. ഷെവാഗ് തന്നെയാണ് മാന്‍ ഒഫ് ദ മാച്ച്.
ബാറ്റിംഗിന് അയക്കപ്പെട്ട ന്യൂസിലാന്റ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്കരുണം ആക്രമിച്ചാണ് മെച്ചപ്പെട്ട സ്കോറിലെത്തിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്റ് 199 റണ്‍സ് നേടിയത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ജവഗല്‍ ശ്രീനാഥ് ഈ പരമ്പരയില്‍ ഒരിക്കല്‍ കൂടി അത്യുജ്വലമായി ബൗള്‍ ചെയ്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീനാഥ് 10 ഓവറില്‍ വെറും 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സഹീര്‍ഖാനും നെഹ്റയും അഗാര്‍ക്കറും ഗാംഗുലിയും ഓരോ വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications