ക്രിക്കറ്റ്: ഇന്ത്യയ്ക്കെതിരെ ജനരോഷമുയരുന്നു
കൊല്‍ക്കത്ത: ആസ്ത്രേല്യയ്ക്കെതിരായ നാണംകെട്ട തോല്‍വിയുടെ പേരില്‍ ഇന്ത്യന്‍ ടീമിനെതിരെ ജനരോഷം ഉയരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ നാടായ കൊല്‍ക്കത്തയില്‍ ആരാധകര്‍ പലയിടത്തും ഇന്ത്യന്‍ കളിക്കാരുടെ ചിത്രങ്ങളും പോസ്ററുകളും കത്തിച്ചു. ഇന്ത്യന്‍ ടീമിന്റെ ശവം വഹിച്ചുകൊണ്ടുള്ള ശവഘോഷയാത്രകളും കൊല്‍ക്കത്തയില്‍ നടന്നു.
ആസ്ത്രേല്യയോടുള്ള തോല്‍വിയോടെ ഇന്ത്യന്‍ ടീം മരിച്ചുവെന്നതിന്റെ പ്രതീകമായാണ് ടീമിന്റെ ശവം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ പലരും സംഘടിപ്പിച്ചത്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ടീമിന്റെ ശവസംസ്കാരച്ചടങ്ങും അരങ്ങേറി.
പലയിടത്തും നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ പണമുണ്ടാക്കാനുള്ള ആര്‍ത്തിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ക്രിക്കറ്റിനേക്കാള്‍ പരസ്യങ്ങളില്‍ മുഖം കാട്ടാനാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് താല്പര്യം എന്ന മട്ടിലാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
ഇന്ത്യന്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് കൈഫിന്റെ വീടിന്റെ ചുമരില്‍ രോഷം പൂണ്ട ക്രിക്കറ്റ് ആരാധകര്‍ കറുത്ത പെയിന്റടിച്ചു. മൂന്ന് നിലയുള്ള കൈഫിന്റെ വീടിന്റെ വാതിലിലും കറുത്ത ചായം അടിച്ചു.
മാധ്യമങ്ങളിലും ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ടീമാണിതെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീകാന്ത് അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയെ മാറ്റണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാണി പറയുന്നു.
ഇന്ത്യ കൂടുതല്‍ ശ്രദ്ധയോടെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കണമെന്ന് ജോഹന്നാസ് ബര്‍ഗില്‍ നിന്നുള്ള സണ്ടേ ടൈംസ് പത്രം ചൂണ്ടിക്കാട്ടുന്നു. ഗാംഗുലി ഒരു ദിവസം ആകെ വിജയിക്കുന്നത് ടോസ് നേടുന്നതില്‍ മാത്രമാണെന്നും പത്രം കളിയാക്കുന്നു. നിരുത്തരവാദിത്വത്തോടെ ബാറ്റുവീശിയതിന് ഗാംഗുലിയെയും വീരേന്ദ്രസെവാഗിനെയും മാത്രമല്ല, സച്ചിനെയും പത്രം വിമര്‍ശിക്കുന്നു.












Click it and Unblock the Notifications