ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ഫൈനല്‍ സാധ്യത
ബ്ലൂംഫൊണ്ടെയ്ന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് സാധ്യതയേറി. സിംബാബ്വേയെ തോല്പിച്ച് കെനിയ സെമിയില്‍ കടന്നതോടെയാണ് ഇന്ത്യയുടെ വഴി തെളിഞ്ഞത്. ഒരു തവണ ഇന്ത്യ പരാജയപ്പെടുത്തിയ കെനിയയായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി.
മാര്‍ച്ച് 20 വ്യാഴാഴ്ച ഡര്‍ബനിലെ കിങ്സ്മീഡ് മൈതാനത്തിലാണ് ഇന്ത്യ-കെനിയ സെമിഫൈനല്‍ പോരാട്ടം നടക്കുക. കെനിയ തോറ്റിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സെമിയില്‍ ശ്രീലങ്കയേയോ ന്യൂസിലാന്റിനെയോ നേരിടേണ്ടിവരുമായിരുന്നു. ആദ്യ സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇന്ത്യയെ വിരട്ടിയെങ്കിലും സെമിയില്‍ ഇന്ത്യ തന്നെ വിജയം നേടുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
സൂപ്പര്‍ സിക്സിനുശേഷം ഒന്നാമതെത്തുന്ന ടീം നാലാം സ്ഥാനത്തുള്ള ടീമുമായാണ് ആദ്യ സെമി നടക്കുക. മാര്‍ച്ച് 18 ചൊവാഴ്ചയാണ് ആദ്യ സെമി. സൂപ്പര്‍ സിക്സില്‍ ഒന്നാം സ്ഥാനം ആസ്ത്രേല്യയ്ക്കാണ്. നാലാം സ്ഥാനക്കാരാരെണെന്നേ ഇനി അറിയാനുള്ളൂ. ന്യൂസിലാന്‍ോ ശ്രീലങ്കയോ ആയിരിക്കും നാലാമന്മാര്‍. ന്യൂസിലാന്റിന് ഇപ്പോള്‍ എട്ട് പോയിന്റും ശ്രീലങ്കയ്ക്ക് ഏഴര പോയിന്റുമാണുള്ളത്. ഇരുവര്‍ക്കും ഓരോ കളിയും ബാക്കിയുണ്ട്. മാര്‍ച്ച് 14ന് നടക്കുന്ന കളിയില്‍ ന്യൂസിലാന്റ് ഇന്ത്യയെ തോല്പിച്ചാല്‍ പിന്നെ ശ്രീലങ്കയ്ക്ക് സാധ്യതയില്ല. അതേ സമയം ഇന്ത്യ ന്യൂസിലാന്റിനെ തോല്പിക്കുകയും ശ്രീലങ്ക സിംബാബ്വേയെ തോല്പിക്കുകയും ചെയ്താല്‍ ശ്രീലങ്കയ്ക്ക് സെമിയിലെത്താം.
ഇപ്പോള്‍ 20 പോയിന്റോടെ ആസ്ത്രേല്യയാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തും 14 പോയിന്റോടെ കെനിയ മൂന്നാം സ്ഥാനത്തുമാണ്. ഇനി ലോകകപ്പില്‍ മാര്‍ച്ച് 14 വെള്ളിയാഴ്ച ന്യൂസിലാന്റുമായുള്ള മത്സരത്തില്‍ ഇന്ത്യ തോല്ക്കുകയും കെനിയ ആസ്ത്രേല്യയെ പരാജയപ്പെടുത്തകയും ചെയ്താല്‍ കെനിയ 18 പോയിന്റോടെ സൂപ്പര്‍ സിക്സില്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ 16 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തും. അപ്പോഴും ഇന്ത്യയും കെനിയയും തമ്മിലായിരിക്കും സെമി പോരാട്ടം.
ഇനി കെനിയെ ആസ്ത്രേല്യയയെ തോല്പിയ്ക്കുകയും ഇന്ത്യ ന്യൂസിലാന്റിനെ പരാജയപ്പെടുത്തുകയും ചെയ്തെന്നിരിക്കട്ടെ. അപ്പോള്‍ ഇന്ത്യയ്ക്കും ആസ്ത്രേല്യയ്ക്കും 20 പോയിന്റ് വീതമാകും. അപ്പോഴും സൂപ്പര്‍ സിക്സില്‍ ഒന്നാം സ്ഥാനക്കാര്‍ ആസ്ത്രേല്യ തന്നെയായിരിക്കും.












Click it and Unblock the Notifications