സച്ചിന് 30ാം പിറന്നാള്‍
ദില്ലി: ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഏപ്രില്‍ 24 വ്യാഴാഴ്ച 30 തികയുന്നു. 14 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനില്ക്കുകയാണെങ്കിലും ഇപ്പോഴും സച്ചിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം തെല്ലും കുറഞ്ഞിട്ടില്ല.
ഇതിനകം ടെസ്റുകളിലും ഏകദിനങ്ങളിലുമായി 21,000ല്‍ അധികം റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞ സച്ചിന് ഇപ്പോഴും റണ്‍സ് ദാഹവും അടങ്ങുന്നില്ല. ക്രിക്കറ്റുമായി ഇനിയും ഇനിയും മുന്നേറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല.- പിറന്നാളിന്റെ തലേന്നാളായ ഏപ്രില്‍ 23 ബുധനാഴ്ച ഇഎസ്പിഎന്‍ സ്റാര്‍ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.
ക്രിക്കറ്റിലെ തോല്‍വികളെ ഞാന്‍ വെറുക്കുന്നു. മൈതാനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴെല്ലാം ഞാന്‍ വിജയം ആഗ്രഹിക്കുന്നു.- സച്ചിന്‍ പറഞ്ഞു.
ലോകകപ്പില്‍ വീണ്ടും ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചുവന്നതിനെ സച്ചിന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്: അത് എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായമായി. അത് ഒരു വെല്ലുവിളിയായതിനാല്‍ എനിക്ക് സ്വയം കഴിവ് തെളിയിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. ലോകകപ്പ് ഒരു വലിയ അവസരമായിരുന്നു.
ലോകകപ്പില്‍ 11 കളികളില്‍ നിന്നായി സച്ചിന്‍ 673 റണ്‍സ് നേടി. ഈ ലോകകപ്പിലെ കളിക്കാരിലെ കേമനും സച്ചിനായിരുന്നു. ഞാന്‍ ഏതെങ്കിലും ഒന്ന് കളിക്കളത്തില്‍ തെളിയിക്കാന്‍ ആഗ്രഹിച്ചില്ല. ബൗളര്‍മാര്‍ എപ്പോഴും പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷെ ഇന്ത്യയ്ക്ക് വേണ്ടി റണ്‍സ് നേടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.- സച്ചിന്‍ പറയുന്നു. ലോകകപ്പില്‍ സച്ചിനെ തകര്‍ക്കുമെന്ന് വാചകമടിച്ച ഇംഗ്ലണ്ടിന്റെ കാഡിക്കിനെയും പാകിസ്ഥാന്റെ ഷൊഹൈബ് അക്തറിനെയും ബാറ്റ് കൊണ്ട് മറുപടി നല്കിയതിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു സച്ചിന്‍.
ഒരിയ്ക്കലും ഷൊഹൈബ് അക്തറിന്റെ നാവടക്കണമെന്ന് മനപൂര്‍വം ഉദ്ദേശിച്ചൊന്നുമല്ല താന്‍ പാകിസ്ഥാനെതിരെ ആക്രമിച്ച് കളിച്ചതെന്നും സച്ചിന്‍ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തില്‍ പകുതി റണ്‍സെടുത്ത ശേഷം സച്ചിന്റെ കാലിലെ മസിലുകള്‍ വേദനിച്ചിരുന്നു. സച്ചിന്‍ പക്ഷെ ഒരു റണ്ണറെ വയ്ക്കാന്‍ വിസമ്മതിച്ചു. ഇതിനെക്കുറിച്ച് സച്ചിന്റെ വിശദീകരണം ഇതാണ്: ജീവിതത്തില്‍ ഇന്ന് വരെ ഞാന്‍ റണ്ണറെ വച്ചിട്ടില്ല. സ്കൂളില്‍ കളിക്കുമ്പോള്‍ മുതല്‍ അങ്ങിനെയാണ്. ഒരു പന്ത് അടിക്കുമ്പോള്‍ അത് എത്ര ദൂരം എത്ര വേഗതയില്‍ പോകുമെന്ന് എനിക്കറിയാം. ഒരു പക്ഷെ എനിക്ക് വേണ്ടി ഓടാനെത്തുന്ന റണ്ണര്‍ക്ക് അതറിയാന്‍ കഴിഞ്ഞെന്ന് വരില്ല.പാകിസ്ഥാനെതിരെ 98 റണ്‍സെടുത്ത് നില്ക്കുമ്പോഴാണ് സച്ചിന് വേണ്ടി റണ്ണറെ വിളിച്ചത്. അടുത്ത പന്തില്‍ സച്ചിന്‍ പുറത്താവുകയും ചെയ്തു.
സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ ഭാരം കൂടിയ ബാറ്റാണ് സച്ചിന്‍ ലോകകപ്പില്‍ ഉപയോഗിച്ചത്. ലോകകപ്പില്‍ സച്ചിന്റെ ബാറ്റിന്റെ ഭാരം പ്രത്യേക രീതിയില്‍ സജ്ജീകരിച്ചതായും സച്ചിന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ പിച്ചുകളില്‍ പന്ത് അധികം ബൗണ്‍സ് ചെയ്യില്ല. അപ്പോള്‍ ബാറ്റുകളുടെ കീഴ്വശം ഭാരമുള്ളതായിരിക്കണം. പക്ഷെ ദക്ഷിണാഫ്രിക്കയില്‍ പന്ത് അധികം ബൗണ്‍സ് ചെയ്യുന്നതിനാല്‍ എന്റെ ബാറ്റിന്റെ ഭാരം പ്രത്യേക രീതിയിലാണ് സജ്ജീകരിച്ചത്.
കുട്ടിക്കാലത്ത് മാങ്ങ പറിക്കാന്‍ കൂട്ടുകാരൊത്ത് മാവില്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് താഴെ വീണ കഥയും ടെണ്ടുല്‍ക്കര്‍ ഓര്‍മ്മിച്ചു. അതുകൊണ്ട് രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുന്നവരോട് ടെണ്ടുല്‍ക്കറിന്റെ ഉപദേശം ഇതാണ്: ആദ്യം മാവില്‍ കയറി മാങ്ങ പറിക്കാന്‍ പഠിക്കൂ..
ഹര്‍ഷ ബോഗ്ല, രവിശാസ്ത്രി എന്നിവര്‍ നടത്തിയ ഈ അഭിമുഖം പൂര്‍ണ്ണരൂപത്തില്‍ ഇഎസ്പിഎന്‍ സച്ചിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 24 വ്യാഴാഴ്ച സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications